കുടിപ്പള്ളിക്കൂടം ആശാന്മാരെ സംരക്ഷിക്കണം
മലയാളഭാഷാ പഠനം ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തുകയും മാതൃഭാഷാ വികസനത്തിനുവേണ്ട പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ മലയാള ഭാഷാ സേവകരായ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാന്മാരെ തീരെ അവഗണിച്ചിരിക്കുകയാണ്. പുരാതനകാലം മുതല്‍ മലയാളഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അറിവുകളും പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കിവരുന്നവരാണ് കുടിപ്പള്ളിക്കൂടം ആശാന്മാര്.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടുക്കും ചിട്ടയും രൂപപ്പെടുത്തുന്നതില്‍ പ്രമുഖസ്ഥാനവും പ്രഥമസ്ഥാനവും ഉള്ള ആശാന്മാരുടെ സ്ഥതി വളരെ പരിതാപകരമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ആശാന്മാര് ഏറെയുളളത്. അക്ഷരമാലകളും പ്രാഥമിക ഗണിതവും ക്രമപ്രകാരം അഭ്യസിപ്പിക്കുകയും അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളികൂടങ്ങള് വഴി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്ന കുടിപ്പള്ളിക്കൂടം ആശാന്മാരുടെ ആവലാതി സര്‍ക്കാരും ഭാഷാ സ്നേഹികളും ശ്രദ്ധിക്കേണ്ടതാണ്.
ആശാന്മാര് നിരന്തരം നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു 2012 ഡിസംബര്‍ മുതല്‍ പ്രതിമാസം 500 രൂപ ഗ്രാന്റായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സര്‍ക്കാരിനും എല്‍.ഡി.എഫ് സര്‍ക്കാരിനും നിരവധിതവണ നിവേദനങ്ങള്‍ നല്‍കുകയും സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹസമരം നടത്തുകയും ചെയ്തെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഗ്രാന്റ്തന്നെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്നാണ് നല്കി വരുന്നത്. അതുകൊണ്ടുതന്നെ വരുമാനമില്ലാത്ത പല പഞ്ചായത്തുകളില്‍ നിന്നും ഇത് ലഭിക്കാറുമില്ല. ആയതിനാല്‍ ഗ്രാന്റ് തുക പ്രതിമാസം 2000 രൂപയാക്കി വര്‍ധിപ്പിച്ച് മതൃഭാഷാ സേവനം നടത്തുന്ന നിലത്തെഴുത്ത് ആശാന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."