യുവനടിക്കെതിരായ പീഡനം: കെ.പി.എ.സി ലളിതയെ തള്ളി സി.പി.എം മഹിളാ സംഘടന
വി.കെ പ്രദീപ്
കാസര്‍കോട്: യുവനടി പീഡനത്തിനിരയായ സംഭവത്തില്‍ സംഗീത നാടക അക്കാദമി പ്രസിഡന്റ് കെ.പി.എ.സി ലളിതയെ തള്ളി സി.പി.എമ്മിന്റെ മഹിളാ സംഘടന. സി.പി.എമ്മിന്റെ പോഷക സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുഖമാസികയായ 'സ്ത്രീശബ്ദം' നവംബര്‍ ലക്കത്തിലെ എഡിറ്റോറിയലാണു നടി പീഡനത്തിനിരയായ സംഭവത്തിലെ കെ.പി.എ.സി ലളിതയുടെ നിലപാടിനെ തള്ളിപ്പറഞ്ഞത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സതീദേവി പേരുവച്ചെഴുതിയ എഡിറ്റോറിയലില്‍ മലയാള സിനിമയിലെ പുരുഷാധിപത്യ പ്രവണതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
മലയാള സിനിമാ ലോകത്ത് ഏറെക്കാലമായി നടക്കുന്ന പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരേ ചെറുവിരലുകള്‍ ഉയരുകയാണ്. താരസംഘടനയായ എ.എം.എം.എയുടെ സ്ത്രീവിരുദ്ധ നിലപാടുകളെക്കുറിച്ചു പത്രസമ്മേളനം നടത്തിയാണ് ഫെമിനിച്ചികള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എ.എം.എം.എയുടെ അംഗങ്ങളായ സംഘടനാ നേതൃത്വം പീഡനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷിക്കാതെ കുറ്റാരോപിതനായ നടനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണു 'നടിമാര്‍' രംഗത്തുവന്നത്. താരസംഘടനയുടെ പുരുഷമേധാവികള്‍ വന്ദ്യവയോധികയായ കെ.പി.എ.സി ലളിതയെ തന്നെ രംഗത്തിറക്കിയാണ് പ്രതിരോധത്തിനു തയാറായത്. സംഘടനയ്ക്കകത്തു പറയേണ്ട കാര്യങ്ങള്‍ പുറത്തുനിന്നു വിളിച്ചുപറയേണ്ടതല്ലെന്നാണ് അവരെക്കൊണ്ടു പറയിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാന്‍ നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനങ്ങള്‍ സിനിമാ മേഖലയിലും വേണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് വിമന്‍സ് കലക്ടീവ് ഇന്‍ സിനിമ ഉയര്‍ത്തിയിരിക്കുന്നത്- മുഖപ്രസംഗത്തില്‍ പറയുന്നു. 'മീ ടൂ'വും ശബരിമല യുവതീപ്രവേശനവും ചര്‍ച്ചയാക്കുന്ന മുഖപ്രസംഗം ആണധികാരങ്ങള്‍ക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്താണ് അവസാനിക്കുന്നത്: ഭീഷണികള്‍ക്കു വഴങ്ങി പിന്തിരിഞ്ഞു നടക്കുന്നവരാകരുത് നാം. നമ്മുടെ ചുവടുകള്‍ മുന്നോട്ടു തന്നെയാവണം. സവര്‍ണാധിപത്യത്തിനും ആണധികാരത്തിനും എതിരേ സടകുടഞ്ഞെണീറ്റു സ്വതന്ത്ര ചിന്തയും അവകാശബോധവും കൈമുതലായി നാം മുന്നോട്ടുകുതിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."