കര്‍ഷകരെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ആര്‍.സി.ഇ.പി കരാര്‍
കര്‍ഷകദ്രോഹ നയങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകരെ വീണ്ടുമൊരു ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് 16 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ആര്‍.സി.ഇ.പി (റീജ്യനല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) വ്യാപാര കരാര്‍. ഈ കരാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുന്നതും അതിജീവനപാതയില്‍ തളിര്‍ക്കുന്ന കാര്‍ഷിക മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതുമാണ്. ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പിട്ടാല്‍ കേരളത്തിലടക്കം കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാല്‍തന്നെ കരാറിനെതിരേ കര്‍ഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകേണ്ടതുണ്ട്.
ഉപതെരഞ്ഞെടുപ്പും പ്രളയവും കൂടത്തായി കൂട്ടക്കൊലപാതകവും മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനവും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കേരളം ശ്രദ്ധിക്കാതെ പോയ ഒരു കരാറാണിത്. കര്‍ഷകരെ ഏറെ ബാധിക്കുകയും ഇന്ത്യന്‍ സമ്പദ്ഘടനയെ തന്നെ തകര്‍ക്കുകയും ചെയ്യുന്ന കരാറിനെതിരേ ഇന്ന് കേരള സര്‍ക്കാര്‍ ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചിരിക്കുകയാണ്. ഗാട്ട് കരാറും ആസിയാന്‍ കരാറും സാര്‍ക്ക് കരാറുമെല്ലാം പരിചയമുള്ള കേരളീയര്‍ പുതിയ കരാറിന്റെ ദോഷങ്ങളെക്കുറിച്ച് കൃത്യമായ ബോധമുള്ളവരല്ല. തകര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക മേഖലയ്ക്ക് ഇരുട്ടടിയാകുന്ന കരാറില്‍നിന്ന് പിന്മാറാന്‍ ബഹുജനസംഘടനകളും കര്‍ഷകരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്. നിയമസഭയിലും ഇക്കാര്യം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്.
ആസിയാന്‍ രാജ്യങ്ങളായ വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, ലാവോസ്, കമ്പോഡിയ, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍ എന്നിവയും ഇന്ത്യ, ന്യൂസിലന്‍ഡ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ചൈന എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാര കരാറാണ് ആര്‍.സി.ഇ.പി. ഈ രാജ്യങ്ങള്‍ തമ്മില്‍ സ്വതന്ത്ര വ്യാപാരകരാര്‍ നിലവില്‍ വന്നാല്‍ ആഗോള മൊത്ത ഉല്‍പാദനത്തിന്റെ 25 ശതമാനവും ആഗോളവ്യാപാരത്തിന്റെ 30 ശതമാനവും വിദേശ നിക്ഷേപത്തിന്റെ 26 ശതമാനവും കരാറിന്റെ പരിധിയില്‍ വരും.
തീരുവരഹിത ഇറക്കുമതിയും വിദേശനിക്ഷേപവും ആര്‍.സി.ഇ.പിയുടെ പ്രധാനഘടകങ്ങളാണ്. ഈ നിര്‍ദേശമാണ് കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചൈനീസ് ഉല്‍പന്നങ്ങളുടെ വരവ് വ്യാപകമാവും. ഇപ്പോള്‍ തന്നെ ക്വാളിറ്റി കുറഞ്ഞ ചൈനീസ് മൊബൈലുകളും കളിക്കോപ്പുകളും കേരളത്തെപോലും പ്രയാസപ്പെടുത്തുകയാണ്. റബര്‍ മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതിനിടെ ആര്‍.സി.ഇ.പി കരാര്‍ കൂടി വരുന്നതോടെ വീണ്ടും തകര്‍ച്ചയിലേക്ക് പോകും. ക്ഷീരോല്‍പാദന മേഖലയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലേക്ക് ന്യൂസിലന്‍ഡില്‍നിന്നും ആസ്‌ത്രേലിയയില്‍നിന്നും ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കേരളത്തിലെ പശുഫാമുകളടക്കം നിരവധി ക്ഷീരസഹകരണ സ്ഥാപനങ്ങള്‍ പൂട്ടേണ്ട അവസ്ഥയും വരും.
വന്‍ കോര്‍പറേറ്റുകള്‍ക്കാണ് കരാര്‍ നിലവില്‍ വന്നാല്‍ ഗുണം ലഭിക്കുക. ഇവര്‍ക്ക് വന്‍തോതില്‍ ഇതര രാജ്യങ്ങളില്‍ മൂലധന നിക്ഷേപം നടത്തി ലാഭം കൊയ്യാം. അതുകൊണ്ടുതന്നെ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങി കര്‍ഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന ഈ കരാറിനെതിരേ ശക്തമായ പ്രതികരണം ആവശ്യമാണ്. സേവന മേഖലയ്ക്കും ആര്‍.സി.ഇ.പി കനത്ത പ്രഹമരമാകും ഏല്‍പ്പിക്കുക. റോബോട്ടിക് ഉള്‍പ്പെടെ അപരിചിതമായ സാങ്കേതിക വിദ്യകള്‍ ഇതോടെ വ്യാപകമാകും. പ്രൊഫഷനലുകള്‍ കടുത്ത മത്സരത്തിന് തയാറാകേണ്ടിവരും.
നിലവിലെ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്ന 16 രാജ്യങ്ങളില്‍ 12 രാജ്യങ്ങളുമായി ഇന്ത്യക്ക് സ്വതന്ത്രവ്യാപാര കരാര്‍ ഉണ്ട്. ഈ വ്യാപാര കരാറുകളെല്ലാം തന്നെ ഇന്ത്യക്കു ദോഷമേ വരുത്തിയിട്ടുള്ളൂ. വ്യാപാര കരാറുകള്‍ വിശകലനം ചെയ്താല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറവും ഇറക്കുമതി വളരെ കൂടുതലുമായിരിക്കും. ഇക്കാരണം കൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഇന്ത്യന്‍ ജനതയ്ക്കും കരാറുകള്‍ ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിയത്. നിലവില്‍ നിരവധി കരാറുകളില്‍ ഉള്‍പ്പെട്ട ഇന്ത്യയെ സംബന്ധിച്ചിടത്തോളം 20 ശതമാനം മാത്രമേ വ്യാപാരകരാറുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. ഇതു സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങളില്‍ പ്രധാനവുമാണ്.
കേരളം പൊതുവെ കാര്‍ഷിക മേഖലയായാണ് അറിയപ്പെടുന്നത്. കൃഷി ഉള്‍പ്പെടെ ഉല്‍പാദന വ്യവസായ മേഖലകളില്‍ ഉണ്ടാകുന്ന മാന്ദ്യം വ്യാപകമായ തൊഴില്‍ നഷ്ടത്തിനു കാരണമാകും. 2009 ഓഗസ്റ്റില്‍ ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ല.
മോദി സര്‍ക്കാര്‍ ആര്‍.സി.ഇ.പി കരാറുമായി മുന്നോട്ടുപോകുമ്പോള്‍ ഉറക്കെപ്പറയുന്നത് ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്ക് കരാറില്‍ ഒപ്പിട്ട 16 രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ്. എന്നാല്‍ ഇതേ വാഗ്ദാനം ആസിയാന്‍ കരാര്‍ ഒപ്പിട്ടപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ പ്രധാനമായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താറുമാറായ ഇക്കാലത്ത് എത്ര പേരാണ് തൊഴില്‍ ഇല്ലാതെ രാജ്യത്ത് കഴിയുന്നത്. നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് എത്രപേരെയാണ് നേരം പുലരുന്നതിനു മുന്‍പേ പിരിച്ചുവിട്ടത്. യഥാര്‍ഥത്തില്‍ കൃത്യമായി പഠിക്കാതെയും അഭിപ്രായങ്ങള്‍ തേടാതെയുമുള്ള ഇത്തരം കരാറുകള്‍ കര്‍ഷകദ്രോഹം തന്നെയാണ്.
പുതിയ കരാര്‍ വഴി അരി, കുരുമുളക്, മത്സ്യം, പാല്‍, പാലുല്‍പന്നങ്ങള്‍, റബര്‍, പാമോയില്‍, തേയില എന്നിവ ഏതു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യും. ഇത് ഇന്ത്യന്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇപ്പോള്‍തന്നെ അതിജീവനത്തിനായി പൊരുതുന്ന കര്‍ഷകര്‍ കരാര്‍ നിലവില്‍ വരുന്നതോടെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും വഴിമാറുമെന്നത് തീര്‍ച്ചയാണ്. തൊഴില്‍രഹിതരായി കര്‍ഷകര്‍ മാറുകയും ചെയ്യും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കേരള കര്‍ഷകരുടെ നട്ടെല്ലൊടിച്ചത് നാം മറന്നിട്ടില്ല. ആസ്‌ത്രേലിയ സോയാബീന്‍ എണ്ണയുടെയും മത്സ്യഉല്‍പന്നങ്ങളുടെയും പ്രധാന കയറ്റുമതിക്കാരാണ്. ഇന്ത്യന്‍ കര്‍ഷകരുടെ ദുരിതത്തിന് ആക്കംകൂട്ടുന്ന ഈ കരാര്‍ ഒപ്പിടാതിരിക്കാന്‍ കര്‍ഷക കൂട്ടായ്മയുടെ പ്രതിഷേധം ശക്തിപ്പെടേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."