ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമം: കോടിയേരി
തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാനും ഖലിസ്ഥാന്‍ മോഡല്‍ നടപ്പാക്കി ശബരിമല പിടിച്ചെടുക്കാനുമാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുവര്‍ണക്ഷേത്രത്തില്‍ നടത്തിയതുപോലുള്ള സമരമാണ് ആര്‍.എസ്.എസ് ശബരിമലയില്‍ നടത്തുന്നത്. ശബരിമല പിടിച്ചെടുക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി അവര്‍ സ്ത്രീകളെയും കുട്ടികളേയും മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സന്നിധാനവും നടപ്പന്തലും സമരത്തില്‍നിന്നും ഒഴിച്ചുനിര്‍ത്താന്‍ വിശ്വാസികളെന്ന് പറയുന്നവര്‍ തയാറാകണം. സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തുന്നു. മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. പൊലിസുകാരെ മതം തിരിച്ചും ജാതി തിരിച്ചും പറഞ്ഞ് മോശപ്പെടുത്തുകയാണ്. ഡി.ജി.പിയുടെ ഒഡിഷയിലെ ബന്ധുവീട്ടിലേക്ക് സംഘ്പരിവാര്‍ പ്രകടനം നടത്തി. പൊലിസിനെ നിര്‍ജീവമാക്കി നിയമം കൈയിലെടുത്ത് അക്രമവും കലാപവും നിറഞ്ഞ കാലമായി ശബരിമല തീര്‍ഥാടനത്തെ മാറ്റുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ശബരിമലയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമാണ്. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര ഭരണകക്ഷി അത് തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയാണോയെന്ന് ബി.ജെ.പിയുടെ ദേശീയ നേതൃത്വം പരിശോധിക്കണമെന്നും സംസ്ഥാന നേതാക്കളെ നേര്‍വഴിക്ക് നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഭയത്തോടെ അയ്യപ്പ ദര്‍ശനം നടത്തേണ്ട സാഹചര്യം ആര്‍.എസ്.എസ് സൃഷ്ടിച്ചിരിക്കുന്നു. ദര്‍ശനത്തിന്റെ പേരില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശബരിമലയില്‍ എത്തിയവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചും ഭക്തരെ തടഞ്ഞും ശബരിമലയെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഹര്‍ത്താലിന്റെ പേരില്‍ കേരളത്തിലെ മതസൗഹാര്‍ദത്തെ തകര്‍ക്കാനും സംഘ്പരിവാര്‍ ശ്രമിക്കുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ ആക്രമിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."