ഛത്തിസ്ഗഡ്; കനത്ത സുരക്ഷയില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി
റായ്പൂര്‍: ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. 19 ജില്ലകളിലായി 72 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. പോളിങ് സുഗമമായി നടക്കുന്നതിനു കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കോണ്‍ഗ്രസിലെ പ്രമുഖരും നിലവിലെ ഒന്‍പതു മന്ത്രിമാരും നിയമസഭാ സ്പീക്കറും അടക്കമുള്ള ബി.ജെ.പിയുടെ പ്രമുഖരും ഇന്നു ജനവിധി തേടുന്നുണ്ട്.
ഒന്നാം ഘട്ടത്തില്‍ മാവോവാദി ഭീഷണിനേരിടുന്ന എട്ടു ജില്ലകളിലടക്കം 18 സീറ്റുകളിലേക്കാണ് കഴിഞ്ഞ 12നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്. 90 അംഗ നിയമസഭയില്‍ 65ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഗോത്ര-ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള ഛത്തിസ്ഗഡില്‍ 15 വര്‍ഷമായി കോണ്‍ഗ്രസ് താഴെയിറങ്ങിയിട്ട്. മായാവതിയുടെ ബി.എസ്.പിയും മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡും സഖ്യത്തിലാണ് മത്സരിക്കുന്നത്.
രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. മൊത്തം 1,079 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. 72 സീറ്റുകളില്‍ 46 എണ്ണം ജനറല്‍ സീറ്റുകളാണ്. ഒന്‍പതെണ്ണം പട്ടിക ജാതിക്കാര്‍ക്കും 17 എണ്ണം പട്ടിക വര്‍ഗ സ്ഥാനാര്‍ഥികള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 77,46,628 പുരുഷന്മാരും 76,38,415 സ്ത്രീകളും 940 ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,53,85,983 വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. റായ്പൂര്‍ സിറ്റി സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 46 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ബിന്ദ്രനാവാഗഡ് മണ്ഡലത്തിലാണ്. ഇവിടെ ആറു സ്ഥാനാര്‍ഥികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."