സഊദിയുടെ ലക്ഷ്യം എണ്ണവിപണിയിലെ സ്ഥിരത
റിയാദ്: സഊദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. സഊദി അറേബ്യയിലെയും മേഖലയിലെയും ആഗോള തലത്തിലെയും വിവിധ വിഷയങ്ങളില്‍ സഊദിയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രഖ്യാപനങ്ങള്‍. രാജ്യത്തിന്റെ പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്താണ് സല്‍മാന്‍ രാജാവ് നയ വിശദീകരണം നടത്തിയത്. എണ്ണവിപണിയും കൂടാതെ ഫലസ്തീന്‍, ഇറാന്‍, യമന്‍ വിഷയങ്ങളിലെ സഊദി നിലപാടും വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനം.
കിരീടാവകാശിയും ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്നിഹിതനായിരുന്നു. തീവ്രവാദത്തിനെതിരേയുള്ള ശക്തമായ നീക്കം തുടരും. ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുന്നത് വരെ സഊദിയുടെ ഏറ്റവും മുഖ്യമായ വിഷയമായിരിക്കും ഫലസ്തീന്‍. അവര്‍ക്ക് നീതി ലഭിക്കുകയാണ് ആത്യന്തിക ലക്ഷ്യം. അതിനായുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. യമന്‍ യുദ്ധത്തില്‍ സഊദിയുടെ പങ്കാളിത്തം ഒരു അവകാശമോ അവസരമോ ആയിരുന്നില്ല. ഹൂതി സായുധരെ നേരിടാനുള്ള ബാധ്യത സഊദിക്കുണ്ട്. സുരക്ഷാ കൗണ്‍സിലും ജി.സി.സി യും മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പരിഹാരമായാണ് യമനില്‍ സഊദിയുടെ നയം. ഇറാഖുമായി നല്ല രീതിയിലുള്ള സഹകരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മേഖലയിലെ സുസ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാകുന്ന ഇറാന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇതിനു അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണം. ചുറ്റുപാടുമുള്ള രാജ്യങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണ്. ഇറാന്റെ ആണവപദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസായ എണ്ണവിപണിയില്‍ മറ്റു ഉല്‍പാദക രാജ്യങ്ങളുമായി സഹകരിച്ചാണ് സഊദിയുടെ മുന്നേറ്റം. ഇത് തന്നെയാണ് സഊദിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദകരെയും ഉപഭോക്താക്കളെയും പരിരക്ഷിക്കുന്നതിനായി എണ്ണ വിപണിയുടെ സ്ഥിരത നിലനിര്‍ത്താനാണ് സഊദിയുടെ ശ്രമം. വികസന പദ്ധതികള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ട്. വരും തലമുറക്കാവശ്യമായ വികസന കാര്യങ്ങളാണ് സഊദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. സഊദി വിഷന്‍ 2030 എന്നത് ഒരു സ്വപ്നമല്ല, അത് ഒരു യാഥാര്‍ഥ്യമാണെന്നും കാത്തിരുന്നു കാണാമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."