ഓരോ ആറ് മാസത്തിലും ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം നടക്കുന്നു, 30 കാറുകളുടെ അകമ്പടിയില്‍ ഊരുചുറ്റുന്നു, പനി വന്നാല്‍ അമേരിക്കയിലേക്കോടുന്നു: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധത തുറന്നുകാട്ടി വി.ടി ബല്‍റാം
കോഴിക്കോട്: പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തിരിച്ചു വന്നിരിക്കുന്നത് പിണറായി വിജയന്റെ ഈ ഭരണകാലത്താണെന്നും ശരാശരി ഓരോ ആറ് മാസത്തിലും ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം ഇവിടെ നടക്കുന്നുണ്ടെന്നും വി.ടി ബല്‍റാം എം.എല്‍.എ. ഫേസ് ബുക്കിലാണ് പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെ ബല്‍റാം തുറന്നുകാട്ടുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
കമ്മ്യൂണിസം, മാര്‍ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, ഹോ ചിമിനിസം, കിം ജോങ് ഉന്നിസം, വിജയനിസം തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടതും അപഹാസ്യവുമായ ഒരു വികല പ്രത്യയശാസ്ത്രത്തിന്റെ പലവിധ വകഭേദങ്ങളാണ്. പ്രത്യയശാസ്ത്രത്തോട് ആത്മാര്‍ഥതയുള്ള പാവത്തുങ്ങള്‍ സ്വപ്നം കണ്ട ഉട്ടോപ്യ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി നാടന്‍ റൈഫിളും പേനാക്കത്തിയുമായി കാട് കയറി അരിക്കും പഞ്ചസാരക്കും വേണ്ടി തിരിച്ചിറങ്ങുന്നു. പ്രത്യയശാസ്ത്രം ഒരു മറ മാത്രമായ കപടന്മാര്‍ പത്തിരുപത് ഉപദേശികളേയും ചുറ്റില്‍ വച്ച് 30 കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുന്നു, പനി വന്നാല്‍ അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നു.
അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് വകഭേദങ്ങളില്‍ ഏതിലായാലും കണ്ണടച്ചു വിശ്വസിക്കുന്ന അല്‍പ്പബുദ്ധികള്‍ സഹതാപം മാത്രമാണ് അര്‍ഹിക്കുന്നത്. അവരെ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി വെടിവെച്ചു കൊല്ലാന്‍ സ്റ്റേറ്റിന് ഒരധികാരവുമില്ല. കേരളത്തിലെ പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നരനായാട്ടാണ്, ഭരണകൂട ഭീകരതയാണ്, മനുഷ്യാവകാശ ലംഘനമാണ്, അമിതാധികാര പ്രമത്തതയാണ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്രൂരതയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാലത്ത് താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ ചോര പുരണ്ട വസ്ത്രങ്ങളുയര്‍ത്തിക്കാട്ടി അദ്ദേഹം പിന്നീട് നിയമസഭക്കകത്ത് നടത്തിയ പ്രസംഗത്തേക്കുറിച്ച് ഇന്നും ആരാധകര്‍ പാടിപ്പുകഴ്ത്താറുണ്ട്. നക്‌സലൈറ്റ് അനുഭാവിയായതിനാല്‍ കൊല്ലപ്പെട്ടെന്ന് സംശയിക്കപ്പെടുന്ന രാജന്റെ പിതാവിന്റെ ദൈന്യം ഇവിടുത്തെ രാഷ്ട്രീയ ഇടതുപക്ഷം അവരുടെ വൈകാരിക മൂലധനമായി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുമുണ്ട്.
സാധാരണഗതിയില്‍ ഏതെങ്കിലും തിക്താനുഭവങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് പിന്നീട് അവസരം കിട്ടിയാല്‍ അത്തരം ചുറ്റുപാടുകളെ ഗുണപരമായി മാറ്റിത്തീര്‍ക്കാനാണ് വ്യക്തിപരമായും രാഷ്ട്രീയപരമായും ശ്രമിക്കേണ്ടത്. എന്നാല്‍ ഇവിടെ പിണറായി വിജയന്റെ സോ കോള്‍ഡ് സമരാത്മക ഭൂതകാലം ഇന്ന് കേരളത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണ്. കാരണം, പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇന്നാട്ടിലേക്ക് തിരിച്ചു വരുന്നത് ഇതേ പിണറായി വിജയന്റെ ഈ ഭരണകാലത്താണ്. മൂന്നര വര്‍ഷത്തിനുള്ളില്‍ ഇത് ഏഴാമത്തെ കൊലപാതകമാണ്. ശരാശരി ഓരോ ആറ് മാസത്തിലും ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം. ഇപ്പോഴും കൊല്ലുകയാണ്, കൊന്നുകൊണ്ടേയിരിക്കുകയാണ്.
മാവോയിസ്റ്റാവുക എന്നത് ഒരാളെ വെടിവെച്ചു കൊല്ലാനുള്ള ഒരു കാരണമല്ല. തെക്കേ ഇന്ത്യയിലെത്തന്നെ സമുന്നതരായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനേയും ഷൈനയേയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വെടിവെച്ചു കൊല്ലുകയായിരുന്നില്ല, മറിച്ച് ജീവനോടെ പിടികൂടി ജയിലിലടക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ഈ ആസൂത്രിത കൊലപാതകങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം. ജീവനോടെ പിടികൂടുക എന്നതല്ലാതെ അതിര്‍വരമ്പ് ലംഘിക്കരുതെന്ന് കര്‍ശനമായിത്തന്നെ പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്ര ടീമിനോട് പറയാന്‍ കേരളത്തിന് കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."