യാത്ര ചെയ്യാന്‍ റോഡില്ല; ദുരിതം താണ്ടി കടക്കാട്ടുപുരക്കല്‍ കോളനിക്കാര്‍
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് പതിമൂന്നാംവാര്‍ഡിലെ കടക്കാട്ടുപുരയ്ക്കല്‍ പട്ടികജാതി കോളനിയിലെ നിരവധി കുടുംബങ്ങള്‍ യാത്രാ സൗകര്യത്തിന് വളരെ പ്രയാസപ്പെടുന്നു.
വാഹന ഗതാഗത യോഗ്യമായ റോഡില്ലാത്തതാണ് പ്രശ്‌നം.അസുഖ ബാധിതരെ ചികിത്സാ കേന്ദ്രത്തിലെത്തിക്കാന്‍ പോലും ഇവര്‍ പാടുപെടുകയാണ്. ആകെയുള്ളത് മൂന്ന് അടി വീതിയുള്ള നടവഴിയാണ്. റോഡിനാവശ്യമായ കുറച്ചു സ്ഥലം വിട്ടുതരാന്‍ സമീപവാസി തയാറാണ്. ബാക്കിയുള്ളതാവട്ടെ റവന്യൂഭൂമിയാണ്. കോളനിയിലേക്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യവുമായി കോളനി നിവാസികള്‍ പഞ്ചായത്തധികൃതരെ പലതവണ സമീപിക്കുകയും ഗ്രാമസഭയില്‍ പാസാക്കിയെടുക്കുകയും തുടര്‍ന്ന് പഞ്ചായത്ത് പദ്ധതികരട് രേഖയില്‍ വരുകയും ചെയ്തതാണ്. എന്നാല്‍ പഞ്ചായത്ത് ഭരണം കയ്യാളുന്ന പാര്‍ട്ടിയിലെ ചില തല്‍പരകക്ഷികളുടെ ആവശ്യാര്‍ഥം അത് തള്ളികളയുകയാണുണ്ടായതെന്ന് ഇവിടുത്തുകാര്‍ ആരോപിക്കുന്നു.
പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ പ്രദേശത്തുകാര്‍ നിവേദനത്തിലൂടെ അറിയിക്കുകയും അതിന്റെ അന്വേഷണം വന്നതുമാണ്. ശേഷം 2017-18 വര്‍ഷത്തെ പദ്ധതി രൂപ തയാറാക്കുന്ന ഗ്രാമസഭയിലും റോഡ് പാസാക്കിയെടുത്തതായും പിന്നീട് പഞ്ചായത്തിലെത്തിയപ്പോള്‍ അപ്രത്യക്ഷമാവുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു.
പതിമൂന്നാം വാര്‍ഡില്‍ നിന്നും ഇത്തരമൊരു പ്രൊപ്പോസല്‍ വന്നിട്ടേയില്ല എന്ന വിവരമായിരുന്നു പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ കോളനിക്കാര്‍ക്ക് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണകൂടം കോളനിക്കാരെ മന:പൂര്‍വം കഷ്ടപ്പെടുത്തുകയാണെന്ന് കോളനിവാസികള്‍ പറയുന്നു. കടക്കാട്ടുപുരക്കല്‍ കോളനിക്കാരുടെ യാത്രാദുരിതം തീര്‍ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി എ.കെ ബാലനും കോളനിവാസികള്‍ വീണ്ടും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."