തീരദേശത്ത് പെരുന്നാള്‍ ദിനത്തില്‍ ശക്തമായ സുരക്ഷാക്രമീകരണം
തിരൂര്‍: പെരുന്നാളിനോടനുബന്ധിച്ച് തിരൂര്‍ തീരദേശത്തെ വിനോദസഞ്ചാര മേഖലയില്‍ പൊലിസ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. പ്രത്യേകം പൊലിസ് സന്നാഹത്തെ നിയോഗിച്ചാണ് സുരക്ഷാ മുന്‍ കരുതല്‍. തിരൂര്‍ കൂട്ടായി പടിഞ്ഞാറേക്കര, താനൂര്‍ ഒട്ടുംപുറം എന്നിവിടങ്ങളില്‍ പ്രത്യേകം പൊലിസിനെ വിന്യസിച്ചതായി തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് പറഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പതിവായി വിനോദസഞ്ചാരികളെത്തുന്ന മേഖലയാണ് കൂട്ടായി പടിഞ്ഞാറേക്കര.
താനൂര്‍ ഒട്ടുംപുറവും വിശേഷ ദിവസങ്ങളില്‍ ജനത്തിരക്കുള്ള ജില്ലയിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രമാണ്. പെരുന്നാളിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള സന്ദര്‍ശകര്‍ എത്തുന്നത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
കടലില്‍ കളിക്കാനും കുളിക്കാനും ഇറങ്ങുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയ്ക്കായി പൊലിസ് സാന്നിധ്യമുണ്ടാകും. സാമൂഹ്യ വിരുദ്ധ ശല്യം തടയാനും പൊലിസ് ജാഗ്രത പാലിക്കുമെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കി. പൊലിസുമായി സഹകരിക്കണമെന്നും ജനങ്ങള്‍ ബോധവാന്‍മാരാകണമെന്നും തിരൂര്‍ ഡി.വൈ.എസ്.പി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."