പുഴ നീന്തണം മറുകരയെത്താന്‍
പെര്‍ള: എന്മകജെ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബാക്കില പദവ്, എറുഗല്ലു, സായ പ്രദേശവാസികള്‍ സഞ്ചാരയോഗ്യമായ നടപ്പാലം പോലുമില്ലാതെ ദുരിതമനുഭവിക്കുന്നു. കാലവര്‍ഷം തുടങ്ങിയാല്‍ കുത്തിയൊഴുകുന്ന പുഴകടന്ന് മറുകരയെത്താന്‍ പെടാപ്പാട് അനുഭവിക്കുകയാണ് ജനം. അക്കരെയും ഇക്കരെയുമുള്ള ബന്ധുക്കളെ കാണണമെങ്കില്‍ കീലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശവാസികള്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് പെര്‍ള ടൗണിനെയാണ്. വേനല്‍ക്കാലത്ത് വെള്ളമില്ലാത്തതിനാല്‍ പുഴകടന്ന് കാല്‍നടയായി മൂന്നോ, നാലോ കീലോമീറ്ററുകള്ക്കിടയില് ടൗണിലേക്ക് എത്തിപറ്റാവുന്നതാണ്. എന്നാല്‍ മഴക്കാലമായാല്‍ ഇവിടുത്തുകാര്‍ക്ക് ബാക്കില പതവ്, എറുഗല്ലു, സായ, സേരാജെ, അഡ്യനടുക്ക, അഡുക്കസ്ഥല വഴി 12കീലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം, അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ജീവന് പണയം വെച്ച് നടന്ന് നീങ്ങണം. ഇത് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നു. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ദുരിതമേറെയും. ആര്‍ക്കെങ്കിലും അസുഖം പിടിപെട്ടാല്‍ ചുമന്നുകൊണ്ടുവേണം മറുകരയെത്താന്‍.
ബാക്കിലപദവ് മുതല്‍ അഡ്യനഡുക്ക വരെയുള്ള റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു താറുമാറായതിനാല്‍ വാഹനങ്ങള്‍ വാടകയ്ക്ക് വിളിച്ചാല്‍ പോലും ഇതുവഴി വരാന്‍ മടിക്കുന്നു. കര്‍ണ്ണാടകയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമായത് കൊണ്ടുതന്നെ ഈ പ്രദേശത്തെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തീര്‍ത്തും അവഗണിക്കുന്നതായാണ് ആരോപണം.
തിരഞ്ഞെടുപ്പു വരുമ്പോള്‍ പല വാഗ്ദാനങ്ങളുമായി കടന്നു വരുന്ന രാഷ്ട്രീയക്കാര്‍ പിന്നീട് തിരിഞ്ഞ് നോക്കാറില്ലത്രെ. ദശാബ്ദങ്ങളായി അവഗണന മാത്രംകണ്ടിട്ടുള്ള ബാക്കിലപദവ് നിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."