വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ ശമ്പളം മുടങ്ങി
ബോവിക്കാനം: വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ ശമ്പളം മുടങ്ങി. വാച്ചര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ലെന്ന് പരാതി. കാറഡുക്ക, പരപ്പ, പാണ്ടി റേഞ്ചുകളിലെ നിരവധി താല്‍ക്കാലിക ജീവനക്കാരാണ് മാസങ്ങളായി ശമ്പളമില്ലാതെ വലയുന്നത്. ഫണ്ടില്ലെന്ന പേരില്‍ ശമ്പളം മുടങ്ങിയതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലായ അവസ്ഥയാണ്.
ഒരു ദിവസം ജോലി ചെയ്താല്‍ 635 രൂപയാണ് താല്‍ക്കാലിക ജിവനക്കാര്‍ക്കു ലഭിക്കുന്ന വേതനം. 26 ദിവസം ജോലി ചെയ്താല്‍ 20 ദിവസത്തേ ശമ്പളം മാത്രമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇതുപോലും കൃത്യമായി ലഭിക്കാതായിട്ട് മൂന്ന് മാസം പിന്നിട്ടു.
സ്ഥിരം ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം ലഭിക്കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രമാണ് വനം വകുപ്പില്‍ പണമില്ലാത്തത്. കഴിഞ്ഞ ജൂലൈക്കു ശേഷം താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. പലവട്ടം പരാതി പറഞ്ഞിട്ടും ഫലമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭരണപക്ഷ, പ്രതിപക്ഷ പാര്ട്ടികളടേതുള്പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ സ്വന്തം ആളുകളെ താല്‍ക്കാലിക ജീവനക്കാരായി തിരുകി കയറ്റാനും സ്ഥിരപ്പെടുത്താനും ശ്രമം നടത്തുന്നതല്ലാതെ നിലവിലുള്ള താല്ക്കാലികര്ക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കാന്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മഴയും വെയിലും വകവെക്കാതെ വനങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ ശമ്പള ബില്‍ മാറി നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."