പകര്‍ച്ചപ്പനി പ്രതിരോധം: ഡോക്ടര്‍മാരുടെ സേവനം ഉച്ചയ്ക്കു ശേഷവും
മലപ്പുറം: ജൂലൈ ഒന്നു മുതല്‍ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്ക്കു ശേഷം ഒരു ഡോക്ടറുടെയും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടു ഡോക്ടര്‍മാരുടെയും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍ദേശം നല്‍കി. ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് ഇതിനാവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും കണ്ടെത്തി നിയമിക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപകൂടി ഓരോ വാര്‍ഡിലും ചെലവഴിക്കാം. മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരേയുള്ള അനാവശ്യ സമരങ്ങള്‍ പരിഗണിക്കാതെ മുന്നോട്ടുപോയില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട് ഒന്നിച്ചു മരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ആയുര്‍വേദ ഡി.എം.ഒ ഡോ. ഷെര്‍ലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ഇസ്മാഈല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."