പൈപ്പ്‌ലൈന്‍ തകര്‍ന്നു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജലക്ഷാമം
മഞ്ചേരി: ശുദ്ധജലക്ഷാമം മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികളേയും ജീവനക്കാരേയും വലച്ചു. പ്രധാന ശുദ്ധജല സ്രോതസായ പുത്തന്‍ കുളത്തില്‍നിന്നു അശുപത്രിയിലേക്കുള്ള പൈപ്പ് ലൈന്‍ തകര്‍ന്നതാണ് ജലവിതരണം തടസപ്പെടാന്‍ കാരണമായത്. രാവിലെ മുതല്‍ വെള്ളമില്ലാതെ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും രോഗികളടക്കം വലഞ്ഞു. ബദല്‍ സംവിധാനം ഏര്‍പെടുത്താന്‍ ആതുരാലയാധികൃതരുടെ ഭാഗത്തു നിന്നു ശ്രമമില്ലാത്തതും പ്രതിഷേധത്തിനിടയാക്കി.
കിടത്തിചികിത്സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് വെള്ളമില്ലായ്മയുടെ പ്രയാസം പ്രതിസന്ധി തീര്‍ത്തത്. ആശുപത്രിക്കടുത്തുള്ള വീടുകളില്‍ നിന്നും പാത്രങ്ങളില്‍ വെള്ളം ശേഖരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു രോഗികള്‍ക്കൊപ്പമുള്ളവര്‍. ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ ശുചിമുറികളും വൃത്തികേടായതോടെ രോഗികളടക്കമുള്ളവരെ അക്ഷരാര്‍ഥത്തില്‍ വലച്ചു. ആശുപത്രി ജീവനക്കാരും എം.ബി.ബി.എസ് വിദ്യാര്‍ഥികളും ജലക്ഷാമത്തിന്റെ ഇരകളായി. പൈപ്പു പൊട്ടി വെള്ളം പാഴാവുന്നതു ശ്രദ്ധയില്‍പെട്ടതോടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും വൈകിട്ടോടെ മാത്രമാണ് ജലവിതരണം പുനസ്ഥാപിക്കാനായത്.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡിലുള്ള പുത്തന്‍ കുളത്തില്‍ നിന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുള്ള വെള്ള പ്രധാനമായും പമ്പ് ചെയ്യുന്നത്. ജലസ്രോതസില്‍നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ ഇടക്കിടെ തകരാറിലാവുന്നത് ആശുപത്രിയില്‍ ജലക്ഷാമം സങ്കീര്‍ണമാക്കുന്നുണ്ട്.
കാലപ്പഴക്കവും ആതുരാലയത്തിലേക്കു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ ശക്തി പൈപ്പു ലൈനിനു താങ്ങാനാവാത്തതുമാണ് ആവര്‍ത്തിച്ചുള്ള തകരാറുകള്‍ക്ക് കാരണമാവുന്നത്. എന്നാല്‍ പൈപ്പു ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികളില്‍ അധികൃതരില്‍നിന്നു വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."