ആധുനികതയുടെ പ്രവാചകന്‍
വീണ്ടുമൊരു നബിദിനം വരാന്‍ പോകുന്നു. പ്രവാചക തിരുമേനിയെ ഓര്‍ക്കുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ ജീവിതം പ്രദീപ്തം ആകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രവാചകന്‍ ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ വ്യക്തിത്വമാണ്. ഒരു പക്ഷേ ആധുനിക ലോകത്തിന്റെ പ്രവാചകനായി അദ്ദേഹം വാഴ്ത്തപ്പെടുന്നതും അതുകൊണ്ടാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി എന്ന നിലയില്‍ അന്ത്യപ്രവാചകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ഇതിനാലാണ്. അദ്ദേഹത്തിന്റെ പ്രവാചകത്വം ആയപ്പോഴേക്കും ആധുനിക ലോകത്തേക്ക് മനുഷ്യര്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.
ഞാന്‍ വളരെ കൗതുകകരമായിട്ടാണ് പ്രവാചകനെ നോക്കിക്കാണുന്നത്. അവിടുത്തെ വ്യക്തിത്വത്തിന് ആകര്‍ഷണീയമായ ഒരുപാട് തലങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായത് സുതാര്യത ആയിരുന്നു. എക്കാലത്തും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ തന്നെയാണ് ജീവിച്ചത്. ആ സുതാര്യത കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം സമഗ്രമായി വിലയിരുത്താന്‍ ശിഷ്യന്മാര്‍ക്ക് സഹായകമായത്. ഒരേസമയം ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച പോരാട്ടമായിരുന്നു പ്രവാചകന്റേത്.
ഒരു വലിയ മനുഷ്യാവകാശ പോരാളിയായിരുന്നു മുഹമ്മദ് നബി . മക്കാവിജയത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ തന്നെ മനുഷ്യാവകാശത്തിന്റേതായിരുന്നു. ആ കാലഘട്ടത്തിലുള്ള ഒരുപാട് ദുര്‍നടപ്പുകള്‍ക്കെതിരേ അദ്ദേഹം ശബ്ദിച്ചു. വര്‍ഗീയമായ വിദ്വേഷം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് വിശ്വ മാനവനെക്കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം ആ കാലഘട്ടത്തില്‍ പല ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. അവയെല്ലാം പ്രവാചകന്‍ അറുത്തുമാറ്റി. കറുത്തവന്‍, വെളുത്തവന്‍ തുടങ്ങി ഒന്നിനും പ്രസക്തിയുണ്ടായിരുന്നില്ല. ഗോത്ര വൈജാത്യങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രവാചകന്‍ പൗരത്വത്തെ നിര്‍ണയിക്കുന്ന ഒരു സവിശേഷ സന്ദര്‍ഭമുണ്ട്. ഇന്ന് പൗരത്വം ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. പൗരത്വം വംശീയമായ തരത്തിലാണ് ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത്.യഥാര്‍ഥത്തില്‍ അങ്ങനെയല്ല വേണ്ടത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരുപക്ഷേ ഇന്ന് നാം ഭയപ്പെടുന്ന വര്‍ത്തമാന കാലഘട്ടം എന്ന് പറയുന്നത് വംശീയതയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്ര സങ്കല്‍പം രൂപപ്പെടുന്നു എന്നതാണ്. അപരത്വം സങ്കല്‍പ്പിക്കപ്പെടുകയാണ്. അപരത്വം കല്‍പ്പിച്ച് കുറെ ആളുകളെ മാറ്റി നിര്‍ത്തുന്നു എന്നുള്ളതാണ്. പ്രവാചകന് ഇത്തരത്തിലുള്ള ഒരു സങ്കല്‍പ്പമേ ഉണ്ടായിരുന്നില്ല.
അതുപോലെ വിശിഷ്ടമാണ് വിമോചകന്‍ എന്ന നിലയില്‍ അടിമകളോടുള്ള പ്രവാചകന്റെ സമീപനം. പ്രബോധനത്തിന്റെ ആദ്യകാലഘട്ടത്തില്‍ പ്രവാചകനിലേക്ക് ആകര്‍ഷിച്ച് ഇസ്‌ലാം മതം സ്വീകരിച്ചവരില്‍ വലിയൊരു വിഭാഗം അടിമകളും കറുത്ത വര്‍ഗക്കാരുമായിരുന്നു. അടിമകളെ ചന്തകളില്‍ വില്‍ക്കുന്ന സമ്പ്രദായങ്ങളും അന്ന് ഉണ്ടായിരുന്നു. ആദ്യത്തെ വിവാഹത്തിലൂടെ ഖദീജയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അവരുടെ സ്വത്ത് വകകള്‍ക്കും അവരുടെ അടിമകള്‍ക്കും മേലെയെല്ലാം പ്രവാചകന് അവകാശം ലഭ്യമായപ്പോള്‍ അവരെയൊക്കെ മോചിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.
എല്ലാ വിഷയങ്ങളിലും പ്രവാചകനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മറ്റു പ്രവാചകന്‍മാരെ അപേക്ഷിച്ച് അന്ത്യപ്രവാചകന്റെ ദര്‍ശനത്തിനു സമഗ്രത കൈവന്നത്. പ്രവാചകന്റെ ജന്മദിനം കേവലം ഓര്‍ത്തുകൊണ്ടിരിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. പ്രവാചകജീവിതത്തിന്റെ പാഠങ്ങള്‍ വര്‍ത്തമാനകാലത്ത് ഏതെല്ലാം തലത്തില്‍ പ്രയോജനപ്രദമാകും എന്ന് പരിശോധിക്കണം. എഴുത്തുകാരന്‍ എന്ന നിലയില്‍ നബിദിനത്തെ ഓര്‍ക്കുമ്പോള്‍ ആകാശയാത്രികര്‍ എന്ന കഥ മുമ്പെഴുതിയിരുന്നു. കേരളത്തില്‍ നബിദിനത്തെക്കുറിച്ച് എഴുതപ്പെട്ട ഏക ആധുനിക കഥയും അതു തന്നെയാകും. കുട്ടിക്കാലം തൊട്ട് മുസ്‌ലിംകളുമായി ആഴത്തില്‍ ഇടപഴകി ജീവിക്കാന്‍ സാധിച്ചത് കൊണ്ടാണ് പ്രവാചകനെ മനസിലാക്കാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."