അന്ന് പെരുന്നാളായിരുന്നു
എനിയ്‌ക്കെന്നും സ്‌നേഹം മാത്രം വിളമ്പിയ ഒരു കുടുംബമുണ്ടായിരുന്നു.
ആലിയുടെയും മറിയുമ്മയുടെയും കുടുംബം. മറിയോമയുടെ വീട് എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. അവര്‍ എന്റെ അയല്‍ക്കാര്‍. വീട്ടില്‍ നിത്യ സന്ദര്‍ശകര്‍. ഉറ്റവര്‍,ഉടയവരെക്കാള്‍ ഉറ്റവര്‍. കുട്ടിക്കാലത്തു പകലുകളില്‍ എന്റെ കളി ആ വീട്ടിലായിരുന്നു. അതിനാല്‍ത്തന്നെ മറിയോമ എനിക്ക് 'അമ്മ തന്നെയായിരുന്നു ...
പലപ്പോഴും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വിളമ്പി തരുന്ന അമ്മ'. വെളിച്ചെണ്ണയില്‍ ഉള്ളി മൂപ്പിച്ചു കൂട്ടിക്കുഴച്ച ചുടുചോറ് . അടുക്കളയില്‍ ഉള്ളി മൂപ്പിക്കുന്ന മണം വന്നാല്‍ ഞാന്‍ അറിയാതെ അവിടെത്തന്നെ തങ്ങും. നോമ്പുകാലത്തു നോമ്പ് നോറ്റുകൊണ്ട് അവര്‍ എനിയ്ക്ക് ആഹാരം തന്നിട്ടുണ്ട് . അവിടുത്തെ കുട്ടികള്‍ എനിക്ക് ഇഷ്ടപ്പെട്ട കളിക്കൂട്ടുകാര്‍. അവിടെ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ വേലിക്കല്‍ നിന്ന് ഒരു വിളിയുണ്ട്. മോനെ എന്ന വിളി. അത് ഇപ്പോഴും കാതിലലയ്ക്കുന്നപോലെ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ സൗഹൃദം കുറഞ്ഞില്ല . ഞാന്‍ കോളജില്‍ പഠിക്കുന്ന കാലം . റമദാന്‍ പരിസമാപ്തിയില്‍ പെരുന്നാളിന്റെ അവധി. സാധാരണ വീട്ടില്‍ എത്തിയാലുടന്‍ അങ്ങോട്ടൊരു പോക്കുണ്ട്. അന്ന് പക്ഷെ പെരുന്നാളല്ലേ എന്ന് കരുതി പോയില്ല എന്തോ ഒരു ജാള്യം . മുതിര്‍ന്നു എന്ന തോന്നല്‍കൊണ്ടാവാം.അയല്‍വീട്ടില്‍ പെരുന്നാളിന്റെ സന്തോഷാരവം. അന്നുച്ചയ്ക്കു ഞാന്‍ വീട്ടില്‍നിന്ന് ഒന്നും കഴിച്ചില്ല. മറിയോമയുടെ സ്‌നേഹവിളി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു മനസ്സ്... അന്നേരം ഒരു കാല്‍പ്പെരുമാറ്റം. നഷ്ടപ്പെട്ട അമ്മയുടെ പദവിന്യാസം പോലെ. അത് മറിയോമയായിരുന്നു. അമ്മയെപ്പോലെ. അവര്‍ പറഞ്ഞു. മോനെ കാത്തിരിക്കുകയായിരുന്നു... എനിക്കു പശ്ചാത്താപം തോന്നി. എന്റെ കാലുകള്‍ അറിയാതെ മറിയോമയെ പിന്തുടര്‍ന്നു. വീട്ടിലെത്തി അവര്‍ ആഹാരം വിളമ്പി. വിഭവങ്ങളുടെ നീണ്ട നിര . ആ കൂട്ടത്തില്‍ വെളിച്ചെണ്ണയില്‍ ഉള്ളി മൂപ്പിച്ചു കുഴച്ച ഇത്തിരി ചുടുചോറും ഉണ്ടായിരുന്നു. അതും പെരുന്നാളിന്റെ രുചിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."