മാവോയിസ്റ്റ് വേട്ട: മുഖ്യമന്ത്രിയെ തള്ളി കാനം, നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് തുറന്നടിക്കുമ്പോള്‍ സി.പി.എമ്മും സി.പി.ഐയും പരസ്യ ഏറ്റുമുട്ടലിലേക്ക്
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയില്‍ മുഖ്യമന്ത്രിയെയും പൊലിസിനെയും തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെയും പാലക്കാട് എസ്.പിയുടെയും വാക്കുകളെ അപ്പാടെ തള്ളിക്കളയുകയാണ് ഇടതു മുന്നണി സര്‍ക്കാറിലെ പ്രമുഖ കക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി. കഴിഞ്ഞ തവണ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല നടന്നപ്പോഴും പൊലിസിനെതിരേ ശക്തമായി കാനം രംഗത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേരാത്ത നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്നായിരുന്നു അന്ന് കാനം രൂക്ഷമായി വിമര്‍ശിച്ചത്.
ഇന്നും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. മാവോയിസ്റ്റുകാരുടെ രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ല, എങ്കിലും ഈ മാവോയിസ്റ്റ് വേട്ട നടുക്കമുളവാക്കുന്നതാണ്. കേരളത്തില്‍ പൊലിസ് ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉണ്ടായിരിക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്. തലയില്‍ വെടിയേറ്റു എന്നത് സൂചിപ്പിക്കുന്നത് ഇതാണ്. ഏറ്റു മുട്ടലായിരുന്നുവെങ്കില്‍ ഒരു പൊലിസുകാരനെങ്കിലും പരുക്കേല്‍ക്കേണ്ടതായിരുന്നില്ലേ. അതുണ്ടായിട്ടില്ല. കൊല്ലപ്പെട്ട മണിവാസകം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നയാളായിരുന്നുവെന്നും കാനം ചൂണ്ടിക്കാട്ടി.
മഞ്ചിക്കട്ടിയില്‍ തണ്ടര്‍ബോള്‍ട്ട് ടീമിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് സ്വയരക്ഷക്കായി തിരികെ വെടിവയ്‌ക്കേണ്ടിവന്നതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതു കള്ളമാണെന്നാണ് കാനം രാജേന്ദ്രന്‍ തന്നെ തുറന്നടിച്ചിരിക്കുന്നത്.
ഇവര്‍ കീഴടങ്ങാന്‍ തയാറായിരുന്നുവെന്ന് ആദിവാസി നേതാക്കളും ആവര്‍ത്തിക്കുമ്പോഴും പൊലിസ് ഇതിനെ അവഗണിക്കുകയാണ്. മുഖ്യമന്ത്രിയും. അതേ സമയം പൊലിസ് നടപടിക്കെതിരേ വീണ്ടും മുന്നറിയിപ്പുമായി സി.പി.ഐ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ ഇടതു മുന്നണിയില്‍ ഇത് വരും ദിവസങ്ങളില്‍ കടുത്ത പൊട്ടിത്തെറിക്കുതന്നെയാണ് വഴിവെക്കുക എന്നാണ് ഉറപ്പാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."