നോട്ട് നിരോധനം കര്‍ഷകരെ ഗുരുതരമായി ബാധിച്ചു; നിരോധനത്തെ ന്യായീകരിച്ച മോദിക്ക് ഇരുട്ടടിയായി കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചതായി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവ് കാരണം കര്‍ഷകര്‍ക്ക് വിത്തുകളും വളവും വാങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്‍പാകെ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദി ഹിന്ദു ദിനപത്രമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ജാബുവായില്‍ കഴിഞ്ഞദിവസം ബി.ജെ.പി റാലിയില്‍ പങ്കെടുക്കവേ നോട്ട് നിരോധനം സര്‍ക്കാരിന്റെ നേട്ടമാണെന്നും അഴിമതി ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിനു തൊട്ടുപിന്നാലെയാണ്, നോട്ട് നിരോധനം കാര്‍ഷികരംഗത്തെ തകര്‍ത്തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
വേനല്‍ക്കാലകാലവിളകള്‍ വില്‍ക്കുകയും ഗോതമ്പ് പോലുള്ള ശൈത്യകാലവിളകള്‍ വിതയ്ക്കുകയും ചെയ്യുന്ന നവംബര്‍ മാസത്തിലാണ് നോട്ട് നിരോധിക്കുന്നത്. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന പണം ഉപയോഗശൂന്യമായി. ഇക്കാരണത്താല്‍ ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന കര്‍ഷകരുടെ അതായത്, കറന്‍സിരഹിത ഇടപാടിനെ കുറിച്ച് അറിയാത്ത 26 കോടിയോളം വരുന്ന കര്‍ഷകരെ നടപടി തകര്‍ത്തു. ദേശീയ വിത്ത് കോര്‍പ്പറേഷന്റെ ശേഖരത്തിലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്തുകള്‍ വില്‍ക്കാന്‍ ഇതോടെ കഴിയാതെയായി. പഴയനോട്ടുകള്‍ ഉപയോഗിച്ചും വിത്തുകള്‍ വാങ്ങാമെന്നു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല. ഇന്ത്യയില്‍ 300ലക്ഷം ഹെക്ടറോളം ഗോതമ്പ് കൃഷിയുണ്ട്. അതിനാല്‍ ഗോതമ്പ് കൃഷിയെ കാര്യമായും നോട്ട് നിരോധനം ബാധിച്ചു.
നോട്ട്‌നിരോധനം വന്‍കിട കര്‍ഷകരേയും ബാധിച്ചു. തങ്ങളുടെ വയല്‍ശേഖരങ്ങളില്‍ ജോലിയെടുക്കുന്ന തൊളിലാളികള്‍ക്ക് വേതനം നല്‍കാന്‍ കഴിയാതെയും വിളവെടുപ്പിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാതെയും വന്നതോടെയാണ് ഇവരും പ്രതിസന്ധിയിലായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തെ ന്യായീകരിച്ചുവരുന്ന മോദിസര്‍ക്കാരിന് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ തിരിച്ചടിയാണ്.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ചെറുകിട, ഇടത്തരം വ്യവസായമേഖലയിലുണ്ടായ തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്ന് യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി ആവശ്യപ്പെട്ടു. എന്നാല്‍, തൊഴില്‍ നഷ്ടത്തെക്കുറിച്ച് കുറ്റമറ്റ റിപ്പോര്‍ട്ട് തൊഴില്‍മന്ത്രാലയത്തിനു നല്‍കാനായിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."