രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ക്കാര്‍; സൈഫുദ്ദീന് ജോലി
തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്തുവച്ച് 108 ആംബുലന്‍സില്‍ തീപിടിത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്. സൈഫുദ്ദീന് സ്ഥിര നിയമനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതിനായി കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ് (നഴ്‌സിങ്) കെംപ് എന്ന തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
2018 സെപ്റ്റംബര്‍ 5ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അത്യാസന്ന നിലയില്‍ ചമ്പക്കുളം ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനായിട്ടാണ് 108 ആംബുലന്‍സ് എത്തിയത്. രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെയാണു തീപിടിത്തം ഉണ്ടായത്. ഇതു കണ്ട് ഈ ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ സൈഫുദ്ദീന്‍ സ്വന്തം ജീവന്‍പോലും പണയം വച്ച് രോഗിയെ ആംബുലന്‍സില്‍നിന്നു സുരക്ഷിതമായി ഇറക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് പൂര്‍ണമായി കത്തിയമര്‍ന്നു. രോഗിയെ മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്ക് അയച്ചെങ്കിലും സൈഫുദ്ദീന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈഫുദ്ദീനെ ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രിയിലെത്തി കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. സൈഫുദ്ദീന്റെ ധീര സേവനം മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. അപകടത്തില്‍ സൈഫുദ്ദീന്റെ കൈയ്ക്കും മുഖത്തും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
26 ദിവസത്തിലധികം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. ധീര രക്ഷാ പ്രവര്‍ത്തനത്തിന് അംഗീകാരമായി സൈഫുദ്ദീനെ ആരോഗ്യ വകുപ്പ് പ്രത്യേക ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു. മന്ത്രി കെ.കെ ശൈലജ സൈഫുദ്ദീനെ ഫോണില്‍ വിളിച്ച് നിയമന ഉത്തരവ് അറിയിച്ചു. ഭാര്യ ഫാത്തിമ. രണ്ടു കുട്ടികള്‍- സഹലുദ്ദീനും സല്‍മാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."