ബ്രിട്ടന് അഞ്ചുലക്ഷം പൗണ്ട് പിഴ നല്‍കാമെന്ന് ഫേസ്ബുക്ക്
ലണ്ടന്‍: 8.7 കോടി ഉപയോക്താക്കളുടെ ഡാറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടീഷ് കമ്പനിയായ കാംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ച സംഭവത്തില്‍ ഡാറ്റ സംരക്ഷണനിയമം ലംഘിച്ചതിനാല്‍ ബ്രിട്ടന് അഞ്ചുലക്ഷം പൗണ്ട് (ഏകദേശം നാലര കോടി ഇന്ത്യന്‍ രൂപ) പിഴയായി നല്‍കാമെന്ന് പ്രമുഖ സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് സമ്മതിച്ചു.
10 ലക്ഷം ബ്രിട്ടിഷ് പൗരന്മാരുടെ വിവരങ്ങള്‍ ഇക്കൂട്ടത്തില്‍ കാംബ്രിജ് അനലിറ്റിക്കക്ക് കൈമാറിയതായി ബ്രിട്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മിഷനറുടെ ഓഫിസ് കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും കണ്ടെത്തി. അതേസമയം പിഴ നല്‍കാന്‍ സമ്മതിച്ചെങ്കിലും ഫേസ്ബുക്ക് ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയാറായിട്ടില്ല.
ഇതേ കേസില്‍ ഫേസ്ബുക്കിന് യു.എസിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ 500 കോടി ഡോളര്‍ പിഴ വിധിച്ചിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്ന അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കാംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് നേരത്തെ ഫേസ്ബുക്ക് സമ്മതിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് യു.എസിലെയും യൂറോപ്യന്‍ യൂനിയനിലെയും ജനപ്രതിനിധികള്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗിനെ ചോദ്യംചെയ്തിരുന്നു.
അതേസമയം 2015ലെ കാംബ്രിജ് അനലിറ്റിക്ക കേസുമായി ബന്ധപ്പെട്ട് കമ്പനി ഒത്തുതീര്‍പ്പിലെത്തിയതാണെന്നും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും ഫേസ്ബുക്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."