കന്നുകുട്ടി പരിപാലനം പേരില്‍ മാത്രമായി
കൊഴിഞ്ഞാമ്പാറ: ക്ഷീരോത്പാദക സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. പലപ്പോഴും പാല് വിറ്റതിന്റെ നാമമാത്രമായ തുകയാണ് സംഘങ്ങള്‍ നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. നേരത്തെ മാസത്തില്‍ മൂന്ന് തവണയായാണ് സംഘങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ ബാങ്കില്‍നിന്ന് കൂടുതല്‍ തുക പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തുച്ഛമായ തുകയാണ് ഇപ്പോള്‍ ക്ഷീരോല്പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.
റബ്ബര്‍ ലാഭകരമല്ലാതായതോടെ മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് ക്ഷീരകൃഷി മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷീര വികസന വകുപ്പും ഉത്പാദകസംഘങ്ങളും മൃഗസംരക്ഷണ വകുപ്പും നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റിഭാരവാഹികള്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കേരള ഫീഡ്‌സ് കമ്പനി മുഖേന സ്വകാര്യ കമ്പനികള്‍ നല്‍കിയിരുന്ന കാലത്തീറ്റ ജില്ലയില്‍ മാസങ്ങളായി മുടങ്ങിയിരിക്കയാണ്.
യാതൊരു മുന്നറിയിപ്പുമില്ലാതെ കമ്പനികള്‍ കാലിത്തീറ്റ വിതരണം നിറുത്തി വച്ചത് കര്‍ഷകരെ വലക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്ക്ക് കാലിത്തീറ്റ വിതരണം ചെയ്യാനാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. സര്‍ക്കാര്‍ തുക കൂട്ടാതെ കാലിത്തീറ്റ വിതരണം ചെയ്യില്ലെന്നാണ് കമ്പനികളുടെ നിലപാട്.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണ് കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കിയത്. ജില്ലയില്‍ 600 ഓളം ഫാമുകളും പതിനായിരത്തോളം ക്ഷീരകര്‍ഷകരുമാണുള്ളത്. നാല് മാസത്തിനും ആറ് മാസത്തിനും ഇടയില്‍ പ്രായമുള്ള കന്നുകുട്ടികളെ ഡോക്ടര്‍മാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുത്ത് ഇന്‍ഷ്വര്‍ ചെയ്യുകയും തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികള്‍ക്ക് എല്ലാ മാസവും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും. ആറുമാസത്തിനു ശേഷം അറുപത് കിലോയും കുറച്ചു മാസങ്ങള്‍ക്കു ശേഷം പ്രസവിക്കുന്നത് വരെയോ 32 മാസം പ്രായമാകുന്നതുവരെയോ 75 കിലോഗ്രാം കാലിത്തീറ്റയും സബ്‌സിഡിനിരക്കില്‍ നല്‍കുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."