വള്ളവും ആശാനും തയാര്‍ അങ്കം പുന്നമടക്കായലില്‍നിന്ന്
അന്തിക്കാട്: ആലപ്പുഴയിലെ പുന്നമടക്കായലില്‍ വള്ളപാട്ടിന്റെ ഈണത്തിന് തൃശ്ശൂരിന്റെ കൈക്കരുത്തുമായി പാടൂര്‍ അര്‍ജുനാശാനും മുപ്പത്തിനാല് പിള്ളേരും റെഡിയായി. മൂന്നുമാസമായി രാവുകള്‍ പകലാക്കിയ അധ്വാനത്തിന് വിലയിടാതെ മുറ്റിച്ചൂര്‍ സ്വദേശി മുരിത്തറ ഗിരീഷും ആ അഞ്ച് പേരും ചേര്‍ന്ന് നിര്‍മിച്ച വള്ളവുമായി ആലപ്പുഴയിലെത്താന്‍.ആഗസ്റ്റ് മാസം 12ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഇരുട്ടുകുത്തി ഓഡി വിഭാഗത്തില്‍ തൃശൂരിനെ പ്രതിനിധീകരിക്കുന്നത് ഇവരാണ്.
ജില്ലയിലെ ഏറ്റവും വലിയ ചുരുളന്‍ വള്ളമെന്ന ഖ്യാതിയുമായാണ് വടക്കും നാഥന്‍ എന്ന് പേരിട്ട വള്ളം ആലപ്പുഴ കായലില്‍ ഇറങ്ങുന്നത്. മുരിത്തറ ഗിരീഷാണ്, സുരേഷ് കുമാര്‍, ചന്ദ്രന്‍ ,രാജന്‍, ഗിരീഷ്, മോഹനന്‍ എന്നിവരുടെ സഹായത്തോടെ മൂന്ന് മാസത്തെ അധ്വാനത്തില്‍ ആഞ്ഞിലമരത്തില്‍ പുതിയ വള്ളം നിര്‍മിച്ചത്. ഇതിന് വേണ്ടിയുള്ള ചിലവില്‍ മുഖ്യ പങ്ക് വഹിച്ചതും ഗിരീഷ് തന്നെ. ഈ മാസം പതിനാറാം തിയതി മുറ്റിച്ചൂരില്‍ വച്ച് വള്ളം നീറ്റിലിറക്കും.
കൈക്കരുത്തും അനുഭവപരിചയവുമുള്ള പാടൂര്‍ അര്‍ജുനന്‍ ആണ് ആശാന്‍. പതിനാലാം വയസില്‍ ട്രയല്‍ വലിക്കാന്‍ തുടങ്ങിയ ആശാന്‍ ഇരുപതാം വയസില്‍ പങ്കായം പിടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വയസ് അന്‍പത്. ശിഷ്യന്‍മാരായ തുഴക്കാര്‍ക്കുമുണ്ട് പതിനഞ്ച് വര്‍ഷത്തോളമുള്ള തുഴച്ചില്‍ പരിചയം.
ഈ പരിചയസമ്പത്തും പരിശ്രമത്തിന്റെ പുത്തനാകാശം കാണാന്‍ ആഞ്ഞിലിമരത്തില്‍ ഉളിക്ക് മീതെ വീണ ആദ്യഅടി മുതല്‍ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി വച്ച മുരിത്തറ ഗിരീഷിന്റെ ആരവവുമുണ്ടെങ്കില്‍ ഇരുട്ടുകുത്തി വിഭാഗത്തില്‍ കപ്പുമായി കരയിലെത്താമെന്ന് പാടൂര്‍ അര്‍ജുനാശാന് ഉറപ്പുണ്ട്. അതോടപ്പം തൃശൂരിലെ ഗഡികളുടെ ആത്മാഭിമാനം ഉയര്‍ത്താമെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."