സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്തെ ദുരൂഹ മരണം: യുവതിയെ തിരിച്ചറിഞ്ഞു
കൊണ്ടോട്ടി: കരിപ്പൂര്‍ സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂലാണ് മരിച്ചതെന്ന് രേഖകള്‍ പരിശോധിച്ച പൊലിസ് കണ്ടെത്തി. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോല്‍ട്ട്. യുവതിയുടെ സഹോദരനെ വിവരമറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സ്വദേശിയും ഒരുവര്‍ഷത്തിലേറെ കരിപ്പൂര്‍ വിമാനത്താവള സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറുമായ വിശ്വജിത്ത് സിങിന്റെ കരിപ്പൂര്‍ ഉണ്ണ്യാല്‍പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ തിങ്കളാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെ താമസിക്കുന്ന ബിഹാര്‍ സ്വദേശി നിഷ (28) എന്നാണ് വിശ്വജിത്ത് സിങ് പൊലിസിന് നല്‍കിയ മൊഴി. എന്നാല്‍, പൊലിസ് നടത്തിയ പരിശോധനയില്‍ യുവതിയുടേതായി രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തിയിരുന്നു. രണ്ടിലും വ്യത്യസ്ത വിലാസവും പേരുമാണുള്ളത്. ആധാര്‍ കാര്‍ഡില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഫാത്തിമ നിഷയെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂല്‍ എന്നുമാണുള്ളത്. ഈ യുവതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നാണ് വിശ്വജിത്ത് പൊലിസിന് നല്‍കിയ മൊഴി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അലഹബാദില്‍വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് ഇയാള്‍ പറയുന്നത്. പിന്നീട് കുറച്ചുകാലം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇരുവരും അകന്നെങ്കിലും പിന്നീട് യുവതിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു.
അവധി കഴിഞ്ഞ് സ്വദേശത്ത്‌നിന്ന് ഭാര്യയുമായി ഇയാള്‍ തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് പൊട്ടിച്ച് വീടിനകത്തേക്ക് നോക്കിയപ്പോഴാണ് നിഷയെ മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മുറിയില്‍നിന്ന് കത്തിയും ബ്ലേഡും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച ശേഷം മറ്റു തീരുമാനങ്ങള്‍ കൈകൊള്ളും. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."