ആത്മവിശ്വാസവും പ്രാര്‍ഥനയും കരുത്താക്കി മാറ്റി
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: പരാജയങ്ങള്‍ക്കും രോഗത്തിനും തളര്‍ത്താന്‍ കഴിയുന്നതായിരുന്നില്ല എം.ഐ ഷാനവാസിന്റെ കരുത്തും ആത്മവിശ്വാസവും. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ തകരാത്ത ആത്മവിശ്വാസത്തോടെ വീണ്ടും മത്സരിച്ച എം.ഐ ഷാനവാസെന്ന കോണ്‍ഗ്രസ് നേതാവിന് ലഭിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷം. പിന്നീട് അസുഖം ബാധിച്ച് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയപ്പോഴും ആത്മവിശ്വാസത്തോടെ അദ്ദേഹം ആ പരീക്ഷണങ്ങളെ അതിജയിച്ചു. മികച്ച വാക്ചാതുരിയും വിഷയങ്ങള്‍ പഠിക്കാനുള്ള തല്‍പരതയും കോണ്‍ഗ്രസ് നേതാക്കളില്‍ ഷാനവാസിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നെങ്കിലും ചികിത്സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പൊതുജീവിതത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.
അന്നുണ്ടായ പ്രചാരണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. ചെറിയൊരു ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരളിന് കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും സെക്കന്റ് സ്റ്റേജിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞത്. അദ്ദേഹം എ.കെ ആന്റണിയെയും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഇക്കാര്യം അറിയിച്ചു. 'സെക്കന്റ് ഒപ്പിനീയന്‍ ഇല്ലാതെ ചികിത്സ തുടങ്ങരുത് ഷാജി' എന്ന് എ.കെ ആന്റണിയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ ആയിരുന്നില്ല അസുഖമെന്ന് കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സ തേടുകയും ആരോഗ്യവാനായി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിവരികയും ചെയ്തു. അന്ന്് തന്നെ രോഗത്തെ നേരിടാന്‍ കരുത്തനാക്കിയത് പ്രാര്‍ഥനയും തന്റെ സ്‌നേഹിതരുടെ നിര്‍ദേശങ്ങളുമായിരുന്നെന്ന് ഷാനവാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അന്ന് രോഗത്തെക്കുറിച്ചും ചികിത്സ തേടിയതിനെക്കുറിച്ചുമെല്ലാം പലതരത്തിലുള്ള വ്യാജപ്രചാരണങ്ങളായിരുന്നു നടന്നത്. ശത്രുതയില്ലെങ്കിലും എന്തെങ്കിലും രോഗത്തെക്കുറിച്ച് പറഞ്ഞുപ്രചരിപ്പിക്കണമെന്ന മനുഷ്യന്റെ സാഡിസം ആയിരുന്നു ചിലര്‍ക്കെന്നായിരുന്നു അന്നത്തെ അനുഭവത്തെക്കുറിച്ച് ഷാനവാസ് പറഞ്ഞത്.
തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുമ്പോഴും ഷാനവാസ് എന്ന നേതാവ് മാനസികമായി തകര്‍ന്നിരുന്നില്ല. കൂടുതല്‍ കരുത്തനായി വീണ്ടും ഗോദയിലേക്ക് ഇറങ്ങാനുള്ള ആത്മവിശ്വാസം ആര്‍ജിക്കുകയായിരുന്നു. അത് ആദ്യവിജയത്തിന്റെ ഭൂരിപക്ഷം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."