റോഡ് പുനര്‍നിര്‍മിക്കുന്നില്ല; ബൈക്ക് തള്ളി യുവാക്കളുടെ പ്രതിഷേധം
ആലക്കോട്: ഒടുവള്ളിത്തട്ട് കുടിയാന്മല റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം പ്രവര്‍ത്തകര്‍ ബൈക്കുകള്‍ തള്ളി പ്രതിഷേധിച്ചു. പുലിക്കുരുമ്പ യൂനിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു വ്യത്യസ്തമാര്‍ന്ന സമര പരിപാടി. കണ്ണൂര്‍ ജില്ലയിലെ ഏക ദേശ സാല്കൃത റൂട്ടാണെങ്കിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ കൂടിയുള്ള നാട്ടുകാരുടെ യാത്രക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പൈതല്‍മല, പാലക്കയം തട്ട്, അയ്യന്‍മടഗുഹ, ജാനകി പാറവെള്ളച്ചാട്ടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതകൂടിയാണിത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 27 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും നിര്‍മാണ പ്രവൃത്തി ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
ഇതിനെതിരേ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഒടുവള്ളിയില്നിന്നും നൂറു ബൈക്കുകളിലായി ഇരുന്നൂറോളം പ്രവര്‍ത്തകരാണ് നടുവില്‍ ടൌണ്‍ വരെ റാലിയായി എത്തിയത്. ടൌണിലെത്തിയ പ്രവര്‍ത്തകര്‍ ബൈക്കില്‍നിന്നും ഇറങ്ങി കുണ്ടും കുഴിയുമായ റോഡില്‍ കൂടി ബൈക്ക് തള്ളി പ്രതിഷേധിച്ചു. പുലിക്കുമ്പയില് നടന്ന സമാപന യോഗം പുലിക്കുരുമ്പ സെന്റ് അഗസ്റ്റിന്‍സ് ദേവാലയ വികാരി ഫാ. നോബിള്‍ ഓണംകുളം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത കൌണ്‍സിലര്‍ സിജോ ജോസഫ്, ജിബിന്‍ തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."