ബഹുമാനിച്ചില്ലെങ്കിലും കുഴപ്പമില്ല അപമാനിക്കരുത് ഈ നേതാവിനെ
കണ്ണൂര്‍: അപകടത്തില്‍ തകര്‍ന്ന സി.എച്ച് സര്‍ക്കിളിന്റെ കൈവരികള്‍ നന്നാക്കാന്‍ നടപടിയായില്ല. കണ്ണൂര്‍ നഗരമധ്യത്തില്‍ കാല്‍ടെക്‌സിനു സമീപം ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളിനു മുന്‍വശത്തെ ജങ്ഷനില്‍ മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്മരണാര്‍ഥം സ്വകാര്യ ജ്വല്ലറിയുമായി സഹകരിച്ച് നിര്‍മിച്ച സ്തൂപത്തിന്റെ കൈവരികളാണ് കഴിഞ്ഞ 11നു നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ചു തകര്‍ന്നത്. അപകടത്തില്‍ സര്‍ക്കിളില്‍ സ്ഥാപിച്ച ദിശാ ബോര്‍ഡുകളും നശിച്ചിട്ടുണ്ട്. കൂടാതെ അപകടത്തില്‍ തകര്‍ന്ന ബസിന്റെ ചില്ലുകളും മുന്‍വശത്തിന്റെയും അവശിഷ്ടം അവിടെ നിന്നും മാറ്റാത്തത് ഇതു വഴി പോകുന്ന കാല്‍നട യാത്രക്കാര്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാമെന്നു ടൂറിസ്റ്റ് ബസ് ഉടമയും സമ്മതിച്ചിരുന്നു. എന്നാല്‍ അപകടം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും തക്കതായ നഷ്ട പരിഹാരം നല്‍കാനോ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മാണം നടത്താനോ ഇതുവരെ ഇവര്‍ തയ്യാറായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍ ബസിന്റെ ഇന്‍ഷൂറന്‍സ് തുക ലഭിച്ചിട്ടില്ലെന്നും തുക ലഭിച്ച ഉടനെ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ഇവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തുക എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കും വ്യക്തതയില്ല. ബസ് അധികൃതരുടെ വാക്കു വിശ്വസിച്ച് സര്‍ക്കിളിന്റെ പുനര്‍നിര്‍മാണം വൈകിക്കുന്നത് ഈ നേതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്ന ആരോപണവും ശക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമുഹ്യ സാംസ്‌കാരിക മേഖലയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന നേതാവിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച ഈ സ്തൂപം അറ്റകുറ്റപണികള്‍ നടത്തി പഴയ നിലയില്‍ ആക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."