ഉല്‍പാദന ചിലവ് വര്‍ധന: ചകിരി മില്ലുകള്‍ പ്രതിസന്ധിയില്‍
കഞ്ചിക്കോട്: ഉത്പാദന ചെലവ് ക്രമാതീതമായി കൂടുകയും ചകിരിയുടെ വിലയും ആവശ്യവും കുറയുകയും ചെയ്തതോടെ ചകിരി മില്ലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കേരളത്തില്‍ ഉത്പ്പാദിപ്പിച്ചെടുക്കുന്ന കയര്‍ ഫൈബര്‍ വാങ്ങാതെ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഇടനിലക്കാര്‍ മുഖാന്തിരം തമിഴ്‌നാട്ടില്‍ നിന്നാണ് കയര്‍ ഫൈബര്‍ വാങ്ങുന്നത്.
ഇതുമൂലം പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 14 ചകിരി മില്ലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുകയാണ് ജില്ല കയര്‍ ഫൈബര്‍ ഉത്പ്പാദക നിര്‍മാണ അസോസിയേഷന്‍.
കയര്‍ ബോര്‍ഡിന്റെ കീഴിലുള്ള ഒന്‍പതു മേഖലയിലായി പ്രവര്‍ത്തിക്കുന്ന കയര്‍ വ്യവസായത്തിന്റെ പാലക്കാട് പ്രോജക്ട് ഓഫിസ് പൊന്നാനിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലകളിലാണ് തെങ്ങുകള്‍ കൂടുതലായുള്ളത്. ചിറ്റൂര്‍ താലൂക്കിലായാണ് ഏറ്റവും കൂടുതല്‍ കള്ള് ചെത്ത് വ്യവാസയവും നീര വ്യവസായവും കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നതും ചിറ്റൂര്‍ താലൂക്കിലാണ്. എന്നാല്‍, ഇവിടെ ഉത്പാദിപ്പിക്കുന്ന നാളികേരവും ചകിരിത്തൊണ്ടും പ്രധാനമായും തമിഴ്‌നാട്ടിലേക്കാണ് കൊണ്ടു പോകുന്നത്.
കേരളത്തില്‍ തേങ്ങ സംഭരണം നിലവില്‍ വന്നെങ്കിലും കാര്യക്ഷമമായി നടക്കാത്തതുമൂലം കേരകര്‍ഷകര്‍ തേങ്ങ തമിഴ് നാട്ടിലേക്ക് കൊടുക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ തുടങ്ങിയിട്ടുള്ള പച്ചതേങ്ങയില്‍ നിന്നുള്ള വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ കമ്പനിക്കും ചിറ്റൂര്‍ താലൂക്കില്‍ നിന്നും നിരവധി കേര കര്‍ഷകരാണ് തേങ്ങ നല്‍കുന്നത്. താലൂക്കിലെ പതിനൊന്നര ഹെക്ടറിലെ 20 ലക്ഷം തെങ്ങുകളില്‍ നിന്നും എട്ടര കോടിയിലധികമാണ് തേങ്ങ ലഭിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ വെളിച്ചെണ്ണ കമ്പനി തുടങ്ങിയാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ചകിരി കമ്പനികള്‍ക്ക് തൊണ്ട് ലഭിക്കുന്നതോടൊപ്പം ഈ മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴിലും തരപ്പെടുമെന്ന് ചകിരി ഉത്പാദകര്‍ പറയുന്നു. 2010ല്‍ ആരംഭിച്ച തൊണ്ടു സംഭരണപദ്ധതിയില്‍ ഇതുവരെ പ്രാവര്‍ത്തികമായില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കയര്‍ ഡയറക്ടറേറ്റ് എടുത്ത തീരുമാനമനുസരിച്ച് ചകിരി സബ്‌സിഡി ലഭിക്കുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇനിയും സബ്‌സിഡി കിട്ടാത്ത സ്ഥിതിയാണ്. സബ്‌സിഡി കാര്യത്തില്‍ ഓഗസ്റ്റ് 10 ന് മുന്‍പ് തീരുമാനമാകാത്ത പക്ഷം 10 ന് ശേഷം ചകിരി മില്ലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നാണ് ഭാരവാഹികല്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."