ചേരിചേര്‍ന്ന് ഇന്ത്യ
നയതന്ത്ര, ആണവ, പ്രതിരോധ, വ്യാപാര തലങ്ങളും കടന്ന് ബോളിവുഡില്‍ എത്തിനില്‍ക്കുന്നു ഇസ്‌റാഈല്‍ ബന്ധം. രാജ്യത്തിന്റെ താല്‍പര്യങ്ങളെ ബലികഴിച്ച് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍വരെ അമേരിക്കയ്ക്ക് മലര്‍ക്കെ തുറന്നുകൊടുക്കുന്ന തലത്തിലേക്ക് പടര്‍ന്നുപന്തലിച്ചു മോദി-ട്രംപ് കൂട്ടുകെട്ട്. ഇങ്ങനെയൊക്കെയാകുമ്പോള്‍ ചേരിചേരാ ഉച്ചകോടിയുടെ വേദിയില്‍ നേതൃസ്ഥാനത്ത് ഇരിക്കാന്‍ എങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയും. അമേരിക്കയോടും ഇസ്‌റാഈലിനോടും ചേരിചേര്‍ന്ന് നില്‍ക്കാന്‍ അതു തടസമാകുമെന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.
പാര്‍ലമെന്റിലും ഓഫിസിലും ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വിദേശ യാത്രകള്‍ക്കായി വിനിയോഗിക്കുന്നുവെന്ന് ആരോപണം നേരിടുന്ന പ്രധാനമന്ത്രി, വിദേശ രാജ്യത്തുവച്ച് നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍നിന്ന് തുടര്‍ച്ചയായി വിട്ടുനിന്നത് ലോകരാഷ്ട്രങ്ങള്‍ ഏറെ ആശങ്കയോടെ ചര്‍ച്ച ചെയ്‌തെങ്കിലും രാജ്യത്ത് വേണ്ടത്ര ഗൗനിക്കപ്പെട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ നിര്‍ജീവാവസ്ഥയാകാം ഇതിനു പ്രധാന കാരണം.
ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകരിലൊന്നാണ് ഇന്ത്യയെങ്കിലും കഴിഞ്ഞദിവസം അസര്‍ബൈജാനില്‍ സമാപിച്ച 18ാമത് ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്ക് പകരം പങ്കെടുത്തത് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവായിരുന്നു. ഇത് ആദ്യമായല്ല മോദി ചേരാചേരാ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 2017ല്‍ വെനസ്വേലയില്‍ നടന്ന 17ാമത് ഉച്ചകോടിയിലും ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിയായിരുന്നു അന്നു പങ്കെടുത്തത്. 1961ല്‍ സഖ്യം രൂപീകൃതമായതു മുതല്‍ 1979ല്‍ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരണ്‍ സിങ് ഉച്ചകോടിയില്‍നിന്ന് വിട്ടുനിന്നതൊഴിച്ചാല്‍ എല്ലാം പ്രധാനമന്ത്രിമാരും ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി മാത്രം തുടരുന്നതിനാലാണ് അന്ന് ചരണ്‍ സിങ് വിട്ടുനിന്നത്. എന്നാല്‍ മോദി വിട്ടുനിന്നതിന് കാരണങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടില്ല. അതില്ല എന്നതാണ് യാഥാര്‍ഥ്യം. ശീതയുദ്ധകാലത്ത് അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ ഇരു ചേരികളിലായി അണിചേര്‍ന്നപ്പോള്‍ ഇരുപക്ഷത്തും ചേരാതെ നില്‍ക്കാനാണ് നെഹ്‌റു അടക്കമുള്ള നേതാക്കള്‍ ചേരിചേരാ സഖ്യത്തിന് (നോണ്‍ അലൈന്‍മെന്റ് മൂവ്‌മെന്റ്) നേതൃത്വം നല്‍കിയത്.
മോദി അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര വിഷയങ്ങളില്‍ സ്വീകരിക്കുന്ന നയവ്യതിയാനം വിദേശനയങ്ങളിലും കാണിക്കുന്നതിന്റെ പ്രതിഫലനമാണിത്. അമേരിക്കയുമായി പ്രതിരോധ മേഖലയില്‍ ധാരണയുണ്ടാക്കുകയും സംയുക്ത സൈനിക പരിശീലനത്തിന് തിയതി കുറിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു മോദി അസര്‍ബൈജാനിലെ ബകുവില്‍ നടന്ന ഉച്ചകോടിയില്‍നിന്ന് പിന്‍മാറിയത്. അത്ര പ്രാധാന്യമേ മോദി അതിന് കൊടുക്കുന്നുള്ളൂ എന്നത് വ്യക്തം. ചേരിചേരാതെ നില്‍ക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് താല്‍പര്യമില്ലെന്നതിന്റെ തെളിവായി വേണം ഇതിനെ കാണാന്‍.
ഒരുകാലത്ത് മതേതരത്വത്തിലും ചേരിചേരായ്മയിലുമാണ് നാം അഭിമാനംകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അവ രണ്ടും പൊളിച്ചടുക്കുകയാണ് മോദി ഭരണകൂടം. 2017ല്‍ വെനസ്വേലയില്‍ നടന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കാതിരുന്നത് അമേരിക്കയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
രണ്ടാംതവണയും അധികാരത്തിലെത്തിയ മോദി ഇന്ത്യന്‍ പാരമ്പര്യങ്ങളെ പിന്തള്ളിയാണ് മുന്നോട്ടു കുതിക്കുന്നത്.
മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് തൊട്ടു പിന്നാലെയായിരുന്നു, നെഹ്‌റു മുതല്‍ എല്ലാ പ്രധാനമന്ത്രിമാരും പിന്തുടരുന്ന നയം തിരുത്തി യു.എന്നില്‍ ഫലസ്തീനെതിരേ ഇസ്‌റാഈലിന് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്. ഫലസ്തീന്‍ സംഘടനയായ ഷഹീദിന് ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ നിരീക്ഷക പദവി അനുവദിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്താണ് ഇന്ത്യ ഇസ്‌റാഈലിന് അനുകൂലമായി നിലകൊണ്ടത്. ഇന്ത്യയുടെ നീക്കത്തിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യമായി നന്ദി പറയുകയും ചെയ്തു.
മോദിക്കും ട്രംപിനും പരസ്പരം പുകഴ്ത്താനായി അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡിമോദി പരിപാടിയിലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇരുവരും നടത്തിയത്.
ഇതിന്റെ ഫലമാണ് നവംബറില്‍ 'ടൈഗര്‍ ട്രയംഫ് ' എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യാ-അമേരിക്ക കര, നാവിക, വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസം. പ്രതിരോധ മേഖലയില്‍ അമേരിക്കന്‍ ബന്ധം ഊട്ടിയുറപ്പിക്കുകയെന്ന പേരിലുള്ള കരാര്‍ ഇന്ത്യയില്‍ അമേരിക്കന്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ചൈനയെ ലക്ഷ്യം വയ്ക്കാനാണ് അമേരിക്ക ഇന്ത്യയെ കൂട്ടുപിടിക്കുന്നതെന്ന് വ്യക്തമാണ്.
ഇന്ത്യയുമായി ഇത്തരത്തിലൊരു സൈനിക ഉടമ്പടിയുണ്ടാക്കിയത് ചൈനയെ നേരിടാന്‍ അമേരിക്കയ്ക്ക് ഏറെ സഹായകമാകും. അതോടൊപ്പം ഇന്ത്യ-ചൈന ബന്ധം കൂടതല്‍ വഷളാകാനും കാരണമാകും. ചേരിചേരാ നയത്തിലെ ഒരു പ്രധാന സഖ്യകക്ഷിയാണ് ചൈന. ചൈനയെ നിരീക്ഷിക്കാന്‍ ഇന്ത്യ, അമേരിക്കയുമായി കൂട്ടു ചേര്‍ന്നതില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല ഇറാന്‍ അടക്കമുള്ള ശത്രുരാജ്യങ്ങളെ ലക്ഷ്യംവയ്ക്കാനും ഇന്ത്യയുമായുള്ള കൂട്ടുകെട്ട് അമേരിക്കയ്ക്ക് ഉപയോഗപ്പെടുത്താം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. ഇപ്പോള്‍ തന്നെ ദുര്‍ഘടമായ മലനിരകളിലെ സൈനിക പരിശീലനത്തിനു അമേരിക്കയെ ഇന്ത്യ സഹായിക്കുന്നുണ്ട്. ഇന്ത്യയിലെ സൈനിക അക്കാദമികള്‍ വഴിയാണ് ഈ പരിശീലനം നല്‍കുന്നത്. ഈ സഹകരണം വിപുലീകരിച്ചാണ് സംയുക്ത സൈനികാഭ്യാസത്തിലേക്ക് നീങ്ങുന്നത്. ഇന്ത്യയില്‍ സൈനിക താവളമാവും ട്രംപ് ഇനി മോദിക്ക് മുന്നില്‍വയ്ക്കുന്ന ആവശ്യം.
നരേന്ദ്ര മോദി രണ്ടാംതവണ അധികാരത്തിലെത്തിയ ശേഷം ആദ്യ ആയുധകരാറുണ്ടാക്കിയത് ഇസ്‌റാഈലുമായിട്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ 300 കോടി രൂപ ചെലവില്‍ ഇസ്‌റാഈലില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ധാരണയുണ്ടാക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള ധാരണകള്‍ ഇസ്‌റാഈല്‍ ഇണ്ടാക്കിയിരുന്നു. പ്രത്യക്ഷത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെയാണ് കരാറുകള്‍ എങ്കിലും ഇസ്‌റാഈലുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു ഇതിലൂടെ മോദി ചെയ്തത്.
ഫലസ്തീന്‍ അധിനിവേശത്തിന്റെ പേരില്‍ ഏറെ കാലം അകറ്റിനിര്‍ത്തിയിരുന്ന ഇസ്‌റാഈലുമായി ഇന്ത്യയുടെ ബന്ധം ശക്തമാകാന്‍ തുടങ്ങിയത് 1991ന് ശേഷമാണ്. ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ കൂടുതല്‍ ദൃഢമായി. ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും നരേന്ദ്ര മോദി തന്നെ. കഴിഞ്ഞവര്‍ഷമായിരുന്നു അത്.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും 2018ല്‍ ഇന്ത്യയിലെത്തി. രണ്ടാമത്തെ സന്ദര്‍ശനവും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്‌റാഈലിലെ തെരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ചേരിചേരാ നയം പിന്തുടരുന്ന ഇന്ത്യ എക്കാലവും പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്ന നിലപാടാണ് രാജ്യാന്തര തലത്തില്‍ എടുത്തിരുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തിന് അനുകൂലമായ നിലപാടും എല്ലാ വേദികളിലും സ്വീകരിച്ചിരുന്നു. അതില്‍നിന്ന് വ്യതിചലിച്ചാണ് നരേന്ദ്ര മോദി ഇസ്‌റാഈലുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്.
മോദിയുടെ നെതന്യാഹുവുമായുള്ള സൗഹൃദമാണ് ഇസ്‌റാഈല്‍-ഫലസ്തീന്‍ തര്‍ക്കത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റിയതെന്നാണ് ആരോപണം. ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ 2015ല്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫലസ്തീനിലെ മനുഷ്യക്കുരുതിയുടെ പേരില്‍ ലോകത്തിനു മുന്നില്‍ തങ്ങള്‍ക്കുള്ള മോശം പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ബോളിവുഡിന്റെയും സഹായം തേടിയിരിക്കുകയാണ് ഇസ്‌റാഈല്‍. 2018ല്‍ ഇന്ത്യയിലെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി മുംബൈയില്‍ അമിതാ ബച്ചന്‍, കരണ്‍ജോഹര്‍, ഐശ്യര്യ റായ് തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഈയടുത്ത് ഒരു ബോളിവുഡ് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് ഇസ്‌റാഈലില്‍ ആയിരുന്നു. മാത്രമല്ല ഒക്ടോബര്‍ 16, 17 തിയതികളില്‍ അനില്‍ കപൂര്‍, അമീഷാ പട്ടേല്‍ തുടങ്ങി എട്ടോളം ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഇന്‍ഡോ-ഇസ്‌റാഈല്‍ കള്‍ച്ചറല്‍ ഫെസ്റ്റിനും ഇസ്‌റാഈല്‍ ഒരുങ്ങിയിരുന്നു. പരിപാടി പിന്നീട് ഉപേക്ഷിച്ചു.
അടുത്ത കാലത്തായി അമേരിക്കയുടെ സാമ്രാജ്യത്വ നീക്കങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകളെടുക്കാന്‍ അംഗരാജ്യങ്ങള്‍ നീക്കം നടത്തുന്നതിനിടെയാണ് ഇന്ത്യ, അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നതും ചേരിചേരാ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍നിന്ന് പിന്‍വാങ്ങുന്നതും. നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് നയങ്ങളെ പിഴുതെറിഞ്ഞ് സ്വന്തം ഇമേജ് വര്‍ധിപ്പിക്കാനുള്ള മോദിയുടെ നീക്കമായും ഇത്തരം തിരുത്തലുകളെ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."