താങ്ബോയ് സിങ്തോ കേരള ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കല്‍ ഡയറക്ടറായി ഷില്ലോങ് ലജോങ് ഫുട്ബോള്‍ ക്ലബിന്റെ മുന്‍ ഹെഡ്ഡ് കോച്ചായ താങ്ബോയ് സിങ്തോയെ നിയമിച്ചു. താഴെത്തട്ടില്‍ നിന്നുള്ള ഫുട്ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി, കേരള ബ്ലാസ്റ്റേഴ്സും, കേരള ഫുട്ബോള്‍ അസോസിയേഷനും ചേര്‍ന്ന് വിഭാവനം ചെയ്തിട്ടുള്ള പരിശീലന പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും.
ഐ.എസ്.എല്‍ സീസണ് ഒന്നില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു താങ് ബോയ്. ഐ ലീഗില്‍ തുടര്‍ച്ചയായി നാല് വര്‍ഷവും ഷില്ലോങ് ലജോങ് ക്ലബിന്റെ മുഖ്യ പരിശീലകനായിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷനില്‍ മാസ്റ്റേഴ്സ് ബിരുദധാരിയായ സിങ്തോയ്ക്ക് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രോ ലൈസന്‍സ് ഉണ്ട്. മണിപ്പൂര്‍ സ്വദേശിയായ സിങ്തോയുടെ ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫുട്ബോള്‍ വിപ്ലവത്തിന് തുടക്കമിട്ടത്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മികച്ച കഴിവുള്ള പരിശീലകരില്‍ പ്രധാനിയുമാണ് ഈ മണിപ്പൂര്‍ സ്വദേശി. ഷില്ലോങ് ലജോങിനെ പരിശീലിപ്പിച്ച കാലത്ത് ക്ലബ് 2009ല്‍ ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ല്‍ ഫെഡറേഷന് കപ്പിലും, ഡ്യൂറന്റ് കപ്പിലും ക്ലബിനെ സെമി ഫൈനലില്‍ എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. മണിപ്പൂര്‍ പരിശീലകന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് കേരളത്തിലെ യുവ പ്രതിഭകള്‍ക്ക് നേട്ടവും ഒപ്പം കേരള ഫുട്ബോളിന് മുതല്‍ക്കൂട്ടുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."