അദീബിന്റെ ബാങ്കിലെ ശമ്പളം 85,664 രൂപ മാത്രം
കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഒരു ലക്ഷത്തിലേറെ രൂപ അദീബിന് ശമ്പളമുണ്ടായിരുന്നുവെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തിനെതിരേ തെളിവുകള്‍ നിരത്തി യൂത്ത് ലീഗ്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1,10,000 രൂപ ശമ്പളം ലഭിച്ചിരുന്ന അദീബിനെ വെറും 85,664 രൂപയ്ക്കാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതെന്നു പറഞ്ഞ മന്ത്രിയുടെ വാദം പൊളിക്കുന്ന രേഖകള്‍ യൂത്ത് ലീഗ് നേതാക്കള്‍ പുറത്തുവിട്ടു. 85,664 രൂപയാണ് അദീബിന്റെ എസ്.ഐ.ബിയിലെ മാസശമ്പളമെന്നാണ് പുറത്തുവിട്ട രേഖയില്‍ വ്യക്തമാകുന്നത്.
ന്യൂനപക്ഷ കോര്‍പറേഷനില്‍നിന്ന് മറ്റ് അലവന്‍സുകളൊന്നും അനുവദിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞതു തെറ്റാണെന്നും ഇതോടെ വ്യക്തമാവുകയാണ്. പെട്രോള്‍ അലവന്‍സ് ഉള്‍പ്പെടെ മുന്‍പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അനുവദിച്ചിരുന്ന അലവന്‍സുകളെല്ലാം അനുവദിച്ചുതരണമെന്നു ചൂണ്ടിക്കാട്ടി അദീബ് നിയമനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം കോര്‍പറേഷനു നല്‍കിയ കത്തിന്റെ കോപ്പിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇതോടെ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാന്‍ അദീബ് സമ്മതിക്കുകയായിരുന്നുവെന്ന മന്ത്രിയുടെ വാദമാണു പൊളിഞ്ഞത്.
പ്രതിമാസം 100 ലിറ്റര്‍ പെട്രോള്‍ അടിക്കാനുള്ള തുക, പത്രം-പിരിയോഡിക്കല്‍സ് അലവന്‍സ്, വിനോദത്തിനുള്ള അലവന്‍സ്, വര്‍ഷത്തില്‍ വാഹനം നന്നാക്കാനും ഫര്‍ണിച്ചറുകള്‍ വാങ്ങാനുമുള്ള തുക തുടങ്ങി വിചിത്രമായ ആവശ്യങ്ങളാണ് അദീബ് കോര്‍പറേഷനോട് ആവശ്യപ്പെട്ടത്. യൂത്ത് ലീഗ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഇതൊക്കെ അനുവദിച്ചുകൊടുക്കാനും സര്‍ക്കാര്‍ മടിക്കില്ലായിരുന്നുവെന്നും ഫിറോസ് ആരോപിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നു ജോലി രാജിവച്ചിട്ടാണു ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ അദീബിനെ നിയമിച്ചത്. മന്ത്രിയുടെ അറിവോടെയായിരുന്നു ഇത്. വിഷയത്തില്‍ രേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍, വിവരാവകാശ നിയമപ്രകാരം നിയമനരേഖ ആവശ്യപ്പെട്ടപ്പോള്‍ അതു നല്‍കാന്‍ പോലും വകുപ്പുകള്‍ തയാറായില്ല. പകരം അത് കോര്‍പറേഷനു കീഴിലാണുള്ളതെന്ന മറുപടിയാണു ധനവകുപ്പില്‍നിന്നു ലഭിച്ചത്. കോര്‍പറേഷന്‍ ധനവകുപ്പിലാണുള്ളതെന്ന മറുപടിയും നല്‍കി. ഇങ്ങനെ ആളുകളെ കബളിപ്പിച്ചതു വിവരാവകാശ നിയമത്തിന്റെ ലംഘനം കൂടിയാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
മന്ത്രിയെ രക്ഷിക്കാനും രേഖകള്‍ ഒളിപ്പിച്ചുവയ്ക്കാനും ഉന്നതതല ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. രേഖകള്‍ പിടിച്ചെടുക്കാന്‍ ഉന്നതതല അന്വേഷണം വേണം.
വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞില്ലെങ്കില്‍ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്നും ധനവകുപ്പില്‍നിന്നുള്ള രേഖകള്‍ കൂടി ലഭിച്ചാല്‍ നിയമനടപടികളിലേക്കു കടക്കുമെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."