കാമറക്ക് മുന്നില്‍ നിര്‍ത്തി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു, കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി- മകനെ പൊലിസ് കുടുക്കിയതാണെന്ന് വെളിപെടുത്തി താഹയുടെ ഉമ്മ
കോഴിക്കോട്: തന്റെ മകന്‍ നിരപരാധിയാണെന്നും പൊലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുടുക്കിയതാണെന്നും വെളിപെടുത്തി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി താഹ ഫൈസലിന്റെ ഉമ്മ ജമീല. മകനെ ഭീഷണിപ്പെടുത്തി മവോയിസ്റ്റ് ബന്ധമുണ്ടെന്നു സമ്മതിപ്പിക്കുകയായിരുന്നുവെന്നും അവര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
പന്തീരങ്കാവിലെ വീട്ടിലേക്ക് എത്തിയ പൊലിസ് സംഘം താഹ ഫൈസലിന്റെ മുറി പരിശോധിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. സിനിമ കാണുന്നതിനിടെ ഹാങ്ങായതിനെ തുടര്‍ന്ന ഷട്ട്ഡൗണ്‍ ചെയ്യാതിരുന്ന ലാപ്‌ടോപ്പും മുറിയില്‍ സൂക്ഷിച്ചിരുന്ന സി.പി.എമ്മിന്റെ കൊടിയും പൊലിസ് കൊണ്ടുപോയി. പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും മകന്റെ മുറിയിലില്ലായിരുന്നു- ജമീല പറഞ്ഞു.
വീട്ടില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ രണ്ടുപേര്‍ മൊബൈല്‍ കാമറ ഓണാക്കി തയ്യാറായി നിന്നിരുന്നു. ഇറക്കി കൊണ്ടുപോവുന്നതിനിടെ അവന്‍ മാവോയിസ്റ്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇത് കേട്ട് നീ പറ്റിച്ചല്ലേ മാവോയിസ്റ്റായല്ലെ എന്ന് പരിതപിച്ച തന്നോട് അല്ലുമ്മാ പൊലിസ് നിര്‍ബന്ധിച്ച് വിളിപ്പിക്കുകയാണെന്ന് അവന്‍ പറഞ്ഞു. അപ്പോഴേക്കും ആരോ അവന്റെ വായ പൊത്ത് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടന്‍ അവര്‍ മകന്റെ വായ പൊത്തിയെന്നും ജമീല വ്യക്തമാക്കി.
താഹയെ ക്രൂരമായി മര്‍ദിച്ചിരുന്നു. മാവോയിസ്റ്റാണെന്ന് സമ്മതിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ കുടുക്ക് കാലാകാലം അകത്തിടുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ വെളിപെടുത്തി. നിരപരാധിയായതിനാല്‍ മകന് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ജമീല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."