'മാവോ'മുതല്‍ മോദിക്കാലം 'രാജ്യദ്രോഹത്തിന്റെ ഐക്കണ്‍'ആക്കിയ വിശുദ്ധ ഖുര്‍ആന്‍ വരെ വീട്ടിലുണ്ട് ഇതില്‍ ഏതാണ് ഞങ്ങള്‍ കത്തിച്ചു കളയേണ്ടത് - പിണറായി പൊലിസിനെതിരെ സോഷ്യല്‍ മീഡിയ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ പിണറായി സര്‍ക്കാറിനും പോലിസുനുമെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുന്നു. മനുഷ്യവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പെടെ നിരവധി പേരാണ് രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
'മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്‌ട്രോ, ഗുവേര തുടങ്ങി ഒട്ടേറെ പേരുടെ പുസ്തകങ്ങള്‍ എന്റെ വീട്ടിലുണ്ട്. കത്തുകളും നോട്ടീസുകളും ലഘുലേഖകളുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഒട്ടനവധി സംവാദ രേഖകളുണ്ട്. കോമിന്റോണ്‍ രേഖകളും കാണും. ഭരണകൂടമേ, ഒരു കയ്യാമവുമായി വരൂ'- മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ആസാദ് കുറിക്കുന്നു.
ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണ് കത്തിച്ചു കളയേണ്ടത്? കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിക്കാമോ? എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കൂട്ടുകാരൊത്ത് ബസ്റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചത് കുറ്റമാകുമോഎന്ന പരിഹസിക്കുന്ന ഡോ . ആസാദ് അമ്മമാര്‍ക്ക് ഒരു സ്വസ്ഥതയില്ലെന്നു ചൂണ്ടിക്കാട്ടുന്നു. ഏതോ കോടതിവിധി കേട്ട് ഗോര്‍ക്കിയുടെ അമ്മയും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ചെറുകാടിന്റെ ശനിദശയും അടുപ്പിലിട്ട അമ്മമാരുണ്ട്! എല്ലാം ശരിയാകുമെന്ന് വോട്ടുകുത്തി ആശ്വസിച്ചവരാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.
എഴുത്തുകാരനും വാഗ്മിയുമായ മുഹമ്മദ് ശമീമും രൂക്ഷമായ ഭഷയില്‍ പ്രതികരിക്കുന്നുണ്ട്.
'ലഘുലേഖകള്‍ ഞാന്‍ സൂക്ഷിച്ചു വെക്കാറില്ല. മുമ്പ് കിട്ടുന്നതെല്ലാം എടുത്തു വെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ വീട്ടില്‍ സ്ഥലമില്ലാത്തതുകൊണ്ടാണ്. പുസ്തകങ്ങളുണ്ട്. ഓണ്‍ പ്രാക്ടീസും ഓണ്‍ കോണ്‍ട്രഡിക്ഷനുമുണ്ട്. മാവോ (മൗ) സൂക്തങ്ങളാണ്. ബൊളീവിയന്‍ ഡയറിയും മോട്ടോര്‍ സൈക്കിള്‍ ഡയറീസുമുണ്ട്. ചെയുടെ വിപ്ലവ യാത്രകള്‍. ബാക് ഓണ്‍ ദ് റോഡും റോഡ് റ്റു സോഷ്യലിസവുമുണ്ട്.
ഇവരുടെയൊക്കെ മഹാചാര്യന്മാരുടെ സിദ്ധാന്തങ്ങളുമുണ്ട്. കമ്യൂനിസ്റ്റ് മാനിഫെസ്റ്റോയും ഡയലക്ടിക്‌സ് ഒഫ് നേച്ചറും ഉള്‍പ്പെടെ.
എല്ലാറ്റിലും പുറമെ, ലോകത്തൊരു മാവോയിസ്റ്റും കണ്ടിരിക്കാന്‍ പോലുമിടയില്ലാത്ത മറ്റൊരു കിതാബും കൂടിയുണ്ട്. എല്ലാ വിഘടനവാദവും കണ്ടുപിടിച്ച ഗ്രന്ഥം. സാമൂഹിക നീതിയുടെ കണിശമായ ശബ്ദം. വിശുദ്ധ ഖുര്‍ആന്‍.
അതാണല്ലോ, മോദികാലത്ത് രാജ്യദ്രോഹത്തിന്റെ ഒരൈക്കണ്‍.!?
'മാനം മര്യാദ'ക്ക് ദേശസ്‌നേഹിയായി ജീവിക്കാന്‍ വേണ്ടി ഇതെല്ലാം കത്തിച്ചു കളയണമെന്ന് അമിത് ഷാ പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ യു.എ.പി.എയും പൊക്കിപ്പിടിച്ച് കേരളാ പോലീസും അക്ഷര വേട്ടക്കിറങ്ങിയാല്‍ എന്തു ചെയ്യും!!?'- രോഷാകുലനായി ശമീം ചോദിക്കുന്നു.
ഡി.വൈ.എഫ്.ഐക്കാരനാണെന്ന് അഭിമാനപൂര്‍വ്വം വിളിച്ചു പറയുന്ന അലന്‍ ലോകത്തിന്റെ ഗതിവിഗതികളിലേക്ക് നോക്കി ജീവിച്ച ഒരു വിദ്യാര്‍ഥിയാണെന്ന് അവന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ വിളിച്ചു പറയുന്നതായി മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ റഷീദ് കുറിക്കുന്നു.
പത്തൊന്‍പതാം വയസില്‍ ലോകത്തിലേക്ക് കണ്ണുകളും കാതും തുറന്നുവെച്ചു ജീവിക്കുന്ന ഒരു കൗമാരക്കാരനെ സ്വാധീനിക്കാവുന്ന എല്ലാ രാഷ്ട്രീയവും അവന്റെ പോസ്റ്റുകളിലുണ്ട്.
സി പി എമ്മിന്റെയും ഡി വൈ എഫ് എയുടെയും ബാലസംഘത്തിന്റെയും പ്രവര്‍ത്തകനാണെന്ന് അവന്‍ പ്രൊഫയിലില്‍ എഴുതിവെച്ചിട്ടുണ്ട്. അപ്പോഴും ഫേസ്ബുക്കില്‍ സമകാലിക വിഷയങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളില്‍ കുറിപ്പുകള്‍ ഇടുന്ന ഒട്ടനവധി പേരെ ഫോളോ ചെയ്യുന്നുണ്ട്. അവരുടെ ആശയങ്ങള്‍ സങ്കോചമില്ലാതെ പങ്കുവെക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിപിഎം ആണെന്ന് പ്രഖ്യാച്ചിരിക്കെ തന്നെ വാളയാറിലെ നീതി നിഷേധത്തിനെതിരെ അവന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് നിസ്സംശയം പറഞ്ഞിട്ടുണ്ട്.
പൊതുവേദിയില്‍ അപമാനിതനായ ബിനീഷ് ബാസ്റ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ കൊന്നുതള്ളുന്നതില്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേ സമയംതന്നെ, അവന്റെ നാട്ടിലെ ഡി വൈ എഫ് ഐ ഭാരവാഹികള്‍ക്ക് അഭിവാദ്യം നേര്‍ന്നിട്ടുണ്ട്.
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വളര്‍ത്തിയതും കൊന്നതും അമേരിക്കയാണെന്ന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഐഎഫ്എഫ്‌കെ ഉടച്ചുവാര്‍ക്കണമെന്ന ലേഖനം പങ്കുവെച്ചിട്ടുണ്ട്. എസ് എ ആര്‍ ഗീലാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറുവര്‍ഷങ്ങള്‍ ഡോകുമെന്ററി പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രീയ ദേശാതിരുകളൊന്നും അവന്റെ ചിന്തകളെ, പിന്തുണകളെ, നിലപാടുകളെ പരിമിതപ്പെടുത്തിട്ടിട്ടേയില്ലെന്നും റഷീദ് ചൂണ്ടിക്കാട്ടുന്നു.
പിണറായി പൊലിസ് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന മാവോയിസ്റ്റ് ഭീകര ദേശദ്രോഹ മുദ്ര അഴിച്ചുകളയാന്‍ ആ ചെറുപ്പക്കാരന് അവന്റെ ജീവിതത്തിന്റെ എത്ര വര്‍ഷങ്ങള്‍ ഇനി റിമാന്‍ഡിലും കോടതിയിലും ജയിലിലും ആയി ചിലവഴിക്കേണ്ടി വരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."