കുപ്രസിദ്ധ മോഷ്ടാവ് 'പരുന്ത് പ്രാഞ്ചി' പിടിയില്‍
പാലക്കാട്: ജനാലവഴിയുളള മോഷണത്തില്‍ കുപ്രസിദ്ധനായ അന്തര്‍ജില്ലാ മോഷ്ടാവ് 'പരുന്ത് പ്രാഞ്ചി' എന്ന ഫ്രാന്‍സിസ് കെ.എല്‍.പ്രാഞ്ചി(49) പൊലിസ് പിടിയിലായി. ചാലക്കുടി കോടഞ്ചേരി എലഞ്ഞിപ്ര കണ്ണമ്പുഴ വീട്ടില്‍ ഫ്രാന്‍സിസിനെ ടൗണ്‍ നോര്‍ത്ത് പൊലിസാണ് അറസ്റ്റ് ചെയ്തത്. മഴക്കാല മോഷണങ്ങള്‍ തടയാന്‍ രൂപീകരിച്ച സ്‌പെഷല്‍ ക്രൈം സ്‌ക്വാഡാണ് ഇന്നലെ പുലര്‍ച്ചെ ഒലവക്കോട്ട് നിന്നു പ്രതിയെ പിടികൂടിയത്. 30 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും ഉണ്ടായിരുന്നു. ഇവ കഴിഞ്ഞ രണ്ടാംതിയതി മലപ്പുറം ഡൗണ്‍ഹില്‍ വലിയപാറ അബ്ദുള്‍സലാമിന്റെ വീട്ടില്‍ നിന്നു മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചു. മൊത്തം 45 പവനാണ് മലപ്പുറത്തുനിന്നു കവര്‍ന്നത്. ഇതില്‍ 15 പവന്‍ കോയമ്പത്തൂരില്‍ വിറ്റു. പണവും ആഭരണവും പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ നിന്ന് 14 കേസുകള്‍ക്ക് തുമ്പായെന്നു പൊലിസ് പറഞ്ഞു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.
കഴിഞ്ഞ വേനല്‍ക്കാലത്താണ് കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുളളത്. ചൂടുകാരണം ജനല്‍തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ കവരുന്നതാണ് രീതി. പരുന്ത് റാഞ്ചിയെടുക്കുന്ന കൗശലത്തോടെയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചിരുന്നത്. ഓട്ടത്തില്‍ മുമ്പനായതിനാല്‍ ഇയാളെ പിടികൂടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. 'കാള്‍ ലൂയിസ് പ്രാഞ്ചി' എന്ന പേരിലും പ്രതി അറിയപ്പെട്ടിരുന്നു.
കളവുമുതലുകള്‍ കോയമ്പത്തൂരിലുളള ഇടനിലക്കാര്‍ വഴിയാണ് വില്‍പ്പന നടത്തിയിരുന്നത്. ലോട്ടറിയെടുക്കാനും മദ്യത്തിനുമാണു കൂടുതല്‍ പണം ചെലവഴിച്ചിരുന്നത്. ചെറുപ്പം മുതലേ മോഷണം തൊഴിലാക്കിയ ഫ്രാന്‍സിസിന്റെ പേരില്‍ നൂറോളം കളവുകേസുകളുണ്ട്. ഇയാള്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകള്‍, ആലുവ, കാക്കനാട്, മൂവാറ്റുപുഴ സബ് ജയിലുകള്‍ എന്നിവടങ്ങളില്‍ 11 വര്‍ഷത്തോളം തടവുശിക്ഷയനുഭവിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."