വേണം ഉദയയ്‌ക്കൊരു വീട്...
പയ്യമ്പള്ളി: പരിമിതികള്‍ മറികടക്കാന്‍ പദ്ധതിയുമായി കൊയിലേരി ഉദയ വായനശാല. വേണം ഉദയയ്‌ക്കൊരു വീട് എന്ന പേരിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. വായനശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിനു ആവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. കൊയിലേരിയില്‍ 1991ല്‍ തുടങ്ങിയതാണ് ഉദയ ഗ്രന്ഥശാല. പഴയ കെട്ടിടത്തില്‍ കൊച്ചുമുറിയിലാണ് പ്രവര്‍ത്തനം.
ഒരുകാലത്ത് ജില്ലയിലെ പ്രമുഖ ലൈബ്രറികളുടെ ഗണത്തിലായിരുന്നു സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേഷനുള്ള ഉദയയ്ക്കു സ്ഥാനം. സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാക്കാന്‍ ഉദയയ്ക്കു കഴിഞ്ഞില്ല. സ്വന്തമായി സ്ഥലമില്ലാത്തതാണ് കെട്ടിടം പണിക്കു തദ്ദേശസ്ഥാപനങ്ങള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, രാജാറാംമോഹന്‍ റോയി ഫൗണ്ടേഷന്‍ എന്നിവയുടെ സഹായം ലഭിക്കുന്നതിനു തടസമായത്. ലൈബ്രറിയുടെ പേരിലായിരുന്ന അഞ്ചു സെന്റു സ്ഥലം രണ്ടു പതിറ്റാണ്ട് മുന്‍പ് മാനന്തവാടി മില്‍ക്ക് സൊസൈറ്റിക്ക് കൈമാറിയിരുന്നു. സൊസൈറ്റി പണിത കെട്ടിടത്തില്‍ വായനശാലയ്ക്കു താഴെ നിലയിലെ ഒരു മുറിയും ഒന്നാം നിലയിലെ ഹാളുമാണ് നല്‍കിയത്. താഴെ നിലയിലെ ചെറിയ മുറിയിലാണ് എണ്ണായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഇ-ലൈബ്രറി സംവിധാനം, കംപ്യൂട്ടറൈസ്ഡ് റഫറന്‍സ് ലൈബ്രറി, ഇ-വിജ്ഞാന്‍ കേന്ദ്രം എന്നിവ സ്ഥലപരിമിതി മൂലം ഉദയയ്ക്കു ഉപയോഗപ്രദമാക്കാന്‍ കഴിയുന്നില്ല.
ഇല്ലായ്മകളുമായി മല്ലടിച്ചാണ് ബാലവേദി, വയോജനവേദി, വനിതാവേദി, യുവത ക്ലബ് എന്നിവ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കൊയിലേരിയിലുള്ള അഗ്രോ ക്ലിനിക്ക് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്. ക്ലിനിക്കിനായി നിര്‍മിച്ച കെട്ടിടം താല്‍ക്കാലികമായി ഗ്രന്ഥശാലയ്ക്കു ലഭിക്കുന്നതിനു ഉദയ ഭരണ സമിതി ബ്ലോക്ക് പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കൊയിലേരിയില്‍ അഞ്ചു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങാനുള്ള ത്രാണിയും ഗ്രന്ഥാലയത്തിനില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്നു ഉദയ പ്രവര്‍ത്തകരായ കമ്മന മോഹനന്‍, ഷാജി തോമസ്, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, അശോകന്‍ കൊയിലേരി, അലക്‌സ് കല്‍പ്പകവാടി, ലാജി ജോണ്‍ പടിയറ, ബിജു മഠത്തുംപടി, ഷിബു തോമസ്, ടി.ടി സജി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."