കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ സ്വന്തം പാര്ട്ടിക്കാര് തന്നെ അവിശ്വാസത്തിന് നോട്ടിസ് നല്കി
ഹരിപ്പാട്: കോണ്‍ഗ്രസ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരേ സ്വന്തം പാര്ട്ടിക്കാര് അവിശ്വാസത്തിന് നോട്ടിസ് നല്കി. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജിത്ത് ലാലിനെതിരേയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്.
15 അംഗ ഭരണസമിതിയില്‍ എട്ടു കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്. ഇതില്‍ ആറു പേര് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം. സുകുമാരന്‍ അവിശ്വാസം വേണമെന്ന നിലപാടല്ല സ്വീകരിച്ചത്. ആദ്യ മൂന്നുവര്‍ഷം സുജിത്ത് ലാലും പിന്നീടുള്ള രണ്ടു വര്‍ഷം ജെ. ദാസനും പ്രസിഡന്റാകണമെന്നതായിരുന്നു മുന്‍ ധാരണ. ഇതനുസരിച്ച് ഒക്ടോബര്‍ 31ന് സുജിത്ത് ലാല്‍ സ്ഥാനം ഒഴിയേണ്ടതായിരുന്നു. പ്രസിഡന്റ് അധികാരം ഒഴിയാന്‍ തയാറാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് എം. ലിജു കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. നേതൃത്വം പറഞ്ഞിട്ടും കൂട്ടാക്കാഞ്ഞതിനെ തുടര്‍ന്നാണ് അവിശ്വാസത്തിലേക്ക് നീങ്ങിയതെന്ന് അനുകൂലിക്കുന്ന അംഗങ്ങള്‍ പറഞ്ഞു.
മൂന്നുവര്‍ഷം കഴിയുമ്പോള്‍ സ്ഥാനമൊഴിയണമെന്ന മുന്‍ ധാരണയില്ലെന്നാണു പ്രസിഡന്റ് ബി.എസ് സുജിത്ത് ലാല്‍ പറഞ്ഞത്. ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നു. ധാരണ അംഗീകരിച്ച് താന്‍ ഒപ്പിട്ടുവെന്നു പറയുന്നത് വ്യാജരേഖയാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും. പാര്‍ട്ടി ഇതുവരെ രാജിവയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടി രേഖാ മൂലം ആവശ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ സ്ഥാനം ഒഴിയുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."