മട്ടന്നൂരിലേക്ക് ലീഗല്‍ മെട്രോളജി ഓഫിസ് മാറ്റം ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് സണ്ണിജോസഫ് എം.എല്‍.എ
ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ലീഗല്‍ മെട്രോളജി ഓഫിസ് മട്ടന്നൂരിലേക്ക് രഹസ്യമായി മാറ്റിയ തീരുമാനത്തില്‍ വന്‍പ്രതിഷേധം. പേരാവൂര്‍ മണ്ഡലം എം.എല്‍.എ ആയ തന്നോടോ ഇരിട്ടി താലൂക്കിന്റെ ഭാഗമായ ഉളിക്കല്‍ പഞ്ചായത്തുകൂടി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എം.എല്‍.എ കെ.സി ജോസഫിനോടോ ആലോചിക്കാതെ മട്ടന്നൂരില്‍ അടുത്തദിവസം നടത്താനിരിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് സണ്ണിജോസഫ് എം.എല്‍.എ.
കരളത്തില്‍ പുതുതായി അനുവദിച്ച പതിനാലു താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഓഫിസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ആസ്ഥാനമായ ഇരിട്ടിയില്‍ ഓഫിസ് സ്ഥാപിക്കുന്നതിനായി സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ മട്ടന്നൂരില്‍ ഓഫിസ് ഉദ്ഘാടനം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്. ഇരിട്ടി താലൂക്കിലെ 19 വില്ലേജുകളില്‍ 17 വില്ലേജുകളിലെ ജനങ്ങള്‍ക്കും സൗകര്യപ്രദമായ ഇടം ഇരിട്ടി തന്നെയാണ്. താലൂക്കിലെ മൂന്നു ലക്ഷത്തോളം വരുന്ന ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സങ്കുചിതമായ ഈ തീരുമാനം തികച്ചും പ്രതിഷേധാര്‍ഹമാണ് ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഇരിട്ടിക്കനുവദിച്ച മിനി സിവില്‍ സ്റ്റേഷനായി പണം അനുവദിക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നതായും സണ്ണി ജോസഫ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."