അധികൃതരുടെ അനാസ്ഥ; പെരുന്നാള്‍ നിസ്‌കാരം നടുക്കടലില്‍
കവരത്തി: അധികൃതരുടെ അനാസ്ഥ കാരണം മിനിക്കോയ് ദ്വീപിലേക്കുള്ള യാത്രക്കാരുടെ പെരുന്നാള്‍ നിസ്‌കാരം നടുക്കടലിലായി. കരയിലേക്ക് യഥാസമയം ബോട്ട് ഏര്‍പ്പെടുത്താത്തതാണ് യാത്രക്കാരെ വലച്ചത്. കൊച്ചിയില്‍ നിന്ന് 24 ന് രാവിലെ പുറപ്പെട്ട എം.വി കവരത്തി കപ്പല്‍ ആന്ത്രോത്ത്, കല്‍പേനി ദീപുകളില്‍ യാത്രക്കാരെ ഇറക്കി 26 ന് രാവിലെ 5 മണിക്കാണ് മിനിക്കോയ് ദ്വീപിലെത്തിയത്. എന്നാല്‍ യാത്രക്കാരെ ഇറക്കിതുടങ്ങിയതാകട്ടെ ഉച്ചക്ക് 2.45 നും. അതും ഏറെ നേരത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷം. മിനിക്കോയ് ദ്വീപിലെ പോര്‍ട്ട് അധികാരികളുടെയും എം.വി കവരത്തി കപ്പല്‍ അധികൃതരുടേയും അനാസ്ഥ കാരണമാണ് തങ്ങള്‍ക്ക് നടുക്കടലില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു.
രാവിലെ തന്നെ യാത്രക്കാരെ ഇറക്കാന്‍ കഴിയുമായിരുന്നിട്ടും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. പെരുന്നാള്‍ കാരണം ബോട്ട് വരില്ല എന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ കപ്പലിലെ ജീവനക്കാരെ കൊണ്ടുപോകാന്‍ രാവിലെ അറിന് തന്നെ ബോട്ട് എത്തിയിരുന്നു. ഇതോടെ പ്രതിഷേധിച്ച യാത്രക്കാര്‍ക്ക് കപ്പലില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ അധികൃതര്‍ അവസരം ഒരുക്കികൊടുക്കുകയായിരുന്നു. രാവിലെ എട്ടരക്ക് കില്‍ത്താന്‍ ദീപുകാരനായ ഇബ്‌റത്ത് ഖാന്‍ ബാഖവിയാണ് കപ്പലില്‍ നടന്ന നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കിയത്.
പിന്നീട് ഉച്ചയ്ക്ക് 2.45 ന് എത്തിയ ബോട്ടിലാണ് കപ്പലിലെ കുറച്ച് യാത്രക്കാര്‍ യാത്രതിരിച്ചത്. വേറൊരു ബോട്ട് ഉടന്‍ വരുമെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചെങ്കിലും അതും ഉണ്ടായില്ല. വൈകിട്ട് നാലുമണിയോടെ കപ്പലിലെ ജോലിക്കാരുമായി മറ്റൊരു ബോട്ട് എത്തിയപ്പോള്‍ യാത്രക്കാര്‍ ജീവനക്കാരെ കപ്പലില്‍ കയറ്റാതെ പ്രതിഷേധിച്ചു. തുടര്‍ന്ന് ഈസ്റ്റേണ്‍ ജെട്ടിയിലേക്ക് കപ്പല്‍ മാറ്റി യാത്രക്കാരെ ഇറക്കാമെന്നു ക്യാപ്റ്റന്‍ പറഞ്ഞതോടെയാണ് ജീവനക്കാരെ കപ്പലില്‍ കയറാന്‍ യാത്രക്കാര്‍ അനുവദിച്ചത്. യാത്രക്കാരെ കരയിലക്കെത്തിക്കാനുള്ള ബോട്ടുകള്‍ ഏര്‍പ്പാടാക്കുന്നതില്‍ മിനിക്കോയ് ദ്വീപില്‍ അനാസ്ഥ പതിവാണെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."