ക്വാര്‍ട്ടേഴ്‌സ് തകര്‍ത്ത് താമസക്കാരെ പുറത്താക്കിയെന്ന്
മീനങ്ങാടി: 35വര്‍ഷത്തോളമായി തര്‍ക്കത്തിലുള്ള വട്ടത്തുവയല്‍ പാടി ക്വാര്‍ട്ടേഴ്‌സില്‍ വാടകക്കാരെ ഭീഷണിപ്പെടുത്തി ക്വാര്‍ട്ടേഴ്‌സ് തകര്‍ത്ത് കുടുംബങ്ങളെ മഴയത്ത് റോഡിലേക്കിറക്കിയതായി പരാതി. മലപ്പുറം വാഴക്കാട് സ്വദേശികളായ ആറംഗ സംഘമാണ് പിഞ്ചുകുഞ്ഞുങ്ങളെയടക്കം മഴയത്ത് ഇറക്കിവിട്ടത്. മലപ്പുറം എടവണ്ണപ്പാറ വാഴക്കാട്, കൊടിമരത്തിങ്കല്‍ കുഞ്ഞാലിയുടെ മകന്‍ സലീമിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കോട്ടേഴ്‌സിന്റെ മുന്‍ഭാഗം തകര്‍ത്ത് പൂക്കുളത്തില്‍ റംഷീന, മക്കളായ നിത ഫാത്തിമ, (6) ഷല്‍ഹാദ് (2.5), ചുളളിപ്പറമ്പില്‍ മനോജിന്റെ മക്കളായ വിഷ്ണു, (7) ജിഷ്ണു (3) എന്നിവരെ ബലമായി പുറത്താക്കിയത്. തുടര്‍ന്ന് വീട്ടിലെ ടി.വി, ഫാന്‍, അലമാര, വാഷിങ് മെഷീന്‍, എന്നിവ തകര്‍ത്തെന്നും ചുള്ളിപ്പറമ്പില്‍ മനോജ് പറഞ്ഞു. അക്രമിസംഘം മര്‍ദിച്ച് പുറത്താക്കുകയും മക്കളെ ഉപദ്രവിക്കുകയും ചെയ്‌തെന്ന റംഷീനയുടെ പരാതിയിന്‍മേല്‍ പൊലിസ് കേസെടുത്ത് സലീമിനെയും കൂടെ വന്നവരെയും കസ്റ്റഡിയിലെടുത്തു. സലീമിന്റെ വല്ല്യുപ്പ മൂസ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യമാരില്‍ ഒരാള്‍ക്ക് എഴുതിക്കൊടുത്ത 30 സെന്റ് സ്ഥലവും ക്വാര്‍ട്ടേഴ്‌സിന്റെയും അവകാശം പിതാവ് കുഞ്ഞാലി ഹൈക്കോടതി വിധിയിലൂടെ സ്വന്തമാക്കിയതാണെന്നും പറഞ്ഞാണ് സലീം ക്വാര്‍ട്ടേഴ്‌സ് പൊളിക്കാനെത്തിയത്. പക്ഷേ ഇപ്പോഴും മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നാണ് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."