ഹര്‍ത്താലിന് മൂക്ക്കയറിടണം
ബന്ദ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും ഉത്തരവുകള്‍ നിലനില്‍ക്കെയാണ് ഹര്‍ത്താലും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. ഹര്‍ത്താല്‍ എന്ന പേരില്‍ ഇന്ന് നടമാടുന്നത് ബന്ദിന്റെ തന്നെ വിശ്വരൂപമാണെന്നതില്‍ തര്‍ക്കം ആര്‍ക്കുമില്ല. അതേസമയം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തികവും സാമ്പത്തികേതരവുമായ നഷ്ടങ്ങള്‍ക്ക് കണക്കില്ല. അവരുടേതും അവകാശമാണെന്നിരിക്കെ ഹര്‍ത്താല്‍ നിമിത്തം ഉണ്ടാകുന്ന നഷ്ടങ്ങള്‍ നികത്തി ക്കൊടുക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരേ, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരേ, നിയമസംരക്ഷണത്തിനും, നഷ്ടപരിഹാരത്തിനും വ്യക്തികള്‍ക്കും അവകാശമുണ്ട്. അങ്ങനെ വരുമ്പോള്‍ സംസ്ഥാനതലത്തില്‍ ഏതെങ്കിലും ഒരു സംഘടനയോ പാര്‍ട്ടിയോ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയാണെങ്കില്‍ അത് നടത്തിയ സംഘടനയുടെ നേതാക്കള്‍ക്കെതിരേ നഷ്ടപരിഹാരത്തിന്, നീതി നിഷേധത്തിന്നെതിരേ എല്ലാ ജില്ലകളിലും താലൂക്കുകളിലും പഞ്ചായത്തുകളിലും ഓരോ ക്രിമിനല്‍ കേസ് വീതമെങ്കിലും കൊടുക്കണം. കൂടാതെ ആ സംഘടനയുടെ പാര്‍ട്ടിയുടെ ജില്ലാ നേതാക്കന്മാര്‍ക്കെതിരേയും അതത് ജില്ലകളില്‍ ഇത്തരം കേസുകള്‍ പോകണം.അതിന് ചങ്കൂറ്റമുള്ള ആളുകള്‍ മുന്നിട്ടിറങ്ങണമെന്നേയുള്ളൂ. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളും, ഓട്ടോ ഡ്രൈവര്‍മാരും, കച്ചവടം നഷ്ടപ്പെടുന്ന കച്ചവടക്കാരും ബസുടമകളും എല്ലാവിധ ട്രാന്‍സ്‌പോര്‍ട്ട് വാഹനമുടമകളും ഒന്നിലല്ലെങ്കില്‍ മറ്റൊരു സംഘടനയില്‍ അംഗമായിരിക്കും. പാവം പൊതുജനങ്ങള്‍ക്ക് മാത്രം സംഘടനയില്ല. സങ്കടം മാത്രം.
പി. എം. അബ്ദുല്‍ ഖാദര്‍,
കാസര്‍കോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."