ശിവസേനയെ പിന്തുണയ്ക്കില്ല; പ്രതിപക്ഷത്തിരിക്കും: എന്‍.സി.പി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് അനുകൂലമായ ഫലം പുറത്തുവന്ന് 12 ദിവസം കഴിഞ്ഞിട്ടും ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അടിക്ക് ശമനമില്ല. ബി.ജെ.പിയെ മാറ്റിനിര്‍ത്തി മറ്റു പാര്‍ട്ടികളെ കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ശിവസേനയുടെ പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയും ചെയ്തു. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ആണ്, ശിവസേനയെ പിന്തുണയ്ക്കില്ലെന്നും തങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കുമെന്നും പ്രഖ്യാപിച്ചത്.
ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ രൂപീകരണം വൈകുന്ന സാഹചര്യത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണമാണ് പ്രധാനമായും സോണിയയും പവാറും ചര്‍ച്ച ചെയ്തത്. ശിവസേന പിന്തുണ തേടുകയാണെങ്കില്‍ അത് അംഗീകരിക്കാമെന്ന നിലപാടിന് കോണ്‍ഗ്രസിലും എന്‍.സി.പിയിലും സ്വീകാര്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ശിവസേനയ്‌ക്കൊപ്പം ഭരണം പങ്കിടുന്നത് വരുംകാലങ്ങളില്‍ തങ്ങളെ പ്രതിരോധത്തിലാക്കുമെന്ന് നിരീക്ഷിച്ചാണ് ശിവസേനയെ പിന്തുണയ്‌ക്കേണ്ടെന്ന് പവാര്‍ തീരുമാനിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ശിവസേനയില്‍നിന്ന് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പവാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദവിയിലേക്കില്ലെന്നും അതിനു മാത്രം അംഗബലം എന്‍.സി.പിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, ശിവസേന സഹകരിക്കുന്നില്ലെങ്കില്‍ അവരുടെ എം.എല്‍.എമാരെ കുതിരക്കച്ചവടത്തിലൂടെ അടര്‍ത്തിയെടുക്കുന്ന നീക്കം ബി.ജെ.പി നടത്തുന്നതായുള്ള സൂചനയും ഇന്നലെ പുറത്തുവന്നു. 25 ശിവസേന എം.എല്‍.എമാര്‍ ബിജെ.പിക്കൊപ്പം നില്‍ക്കുകയാണെന്ന് എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം.എല്‍.എ രവി റാണ പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അമിത്ഷായുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മഴക്കെടുതിയില്‍ കേന്ദ്രസഹായം തേടിയാണ് കൂടിക്കാഴ്ചയെന്നാണ് ഫഡ്‌നാവിസ് പ്രതികരിച്ചത്. സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ അമിത്ഷാ നല്‍കിയ സമയം ഞായറാഴ്ച അവസാനിച്ചിരുന്നു.
ഇന്നലെയും ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ്ങിനെ കണ്ടു. ഫലം പുറത്തുവന്നതിന് ശേഷം ഇതു മൂന്നാംതവണയാണ് ഗവര്‍ണറെ ശിവസേന നേതാക്കള്‍ കാണുന്നത്. ഭൂരിപക്ഷം ലഭിച്ചവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്നും ഞങ്ങള്‍ തടസം നില്‍ക്കില്ലെന്നും ശിവസേന ഗവര്‍ണറെ അറിയിച്ചു.
288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105ഉം ശിവസേനയ്ക്ക് 56ഉം പേരുടെ പിന്തുണയുണ്ട്. എന്‍.സി.പി-54, കോണ്‍ഗ്രസ്- 44 എന്നിങ്ങനെയാണ് സീറ്റ് നില. 145 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിനു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."