പ്രളയക്കെടുതി: നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍
പേരാമ്പ്ര: പ്രളയക്കെടുതിയില്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ല. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ചെറുവണ്ണൂര്‍, പേരാമ്പ്ര, കൃഷിഭവന്‍ പരിധിയിലെ 250ല്‍ അധികം നേന്ത്രവാഴ കര്‍ഷകരും മറ്റുമാണ് ദുരിതത്തിലായത്.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി മറ്റു മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനം നല്‍കിയപ്പോഴാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കാത്തത്. ശക്തമായ പ്രളയത്തില്‍ പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. നെല്ല്, തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ, എന്നിവയ്ക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. ഏറ്റവും ദുരിതത്തില്‍പ്പെട്ടത് നേന്ത്ര വാഴ കര്‍ഷകരാണ്.
നിപാ കാരണം പഴങ്ങള്‍ക്ക് വില താഴ്ന്നതും പിന്നാലെ വന്ന പ്രളയവും കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. വി.എഫ്, പി.സി.കെ മേല്‍നോട്ടത്തിലും ഒറ്റയ്ക്കായും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വായപയെടുത്താണ് പലരും കൃഷി ചെയ്തത്. കൃഷി ചെലവിന്റെ നാലിലൊന്ന് പോലും ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്തവര്‍ക്ക് പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ജിവനക്കാര്‍ വിമുഖത കാണിക്കുന്നു. നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ തുടര്‍ കൃഷിയിറക്കാന്‍ പണമില്ല. ബാങ്കുകള്‍ തിരിച്ചടവിനായി ബുദ്ധിമുട്ടിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
പ്രളയ ദുരിത സമയത്ത് കര്‍ഷകര്‍ക്ക് നഷ്ടം പത്തു ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ച ആശ്വാസത്തിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ജില്ലയില്‍ പര്യടനം നടത്തുന്ന മന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ തയാറെടുക്കുകയാണ് കര്‍ഷകരും വിവിധ സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."