കോടതി വളപ്പിലെ പൊലിസ്- അഭിഭാഷകപ്പോര്: യൂനിഫോമില്‍ മാര്‍ച്ച് നടത്തി ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി പൊലിസുകാരുടെ മാര്‍ച്ച്. യൂനിഫോമില്‍ അടക്കം നൂറു കണക്കിന് പൊലിസുകാര്‍ മാര്‍ച്ച് നടത്താനെത്തി.
നവംബര്‍ അഞ്ചിനാണ് കോടതിവളപ്പില്‍ പൊലിസുകാരും അഭിഭാഷകരും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലെത്തിയത്. തുടര്‍ന്ന് പൊലിസ് വെടിയുതിര്‍ക്കുകയും അഭിഭാഷകര്‍ പൊലിസ് വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും ചെയ്തിരുന്നു.
'സംരക്ഷകര്‍ക്ക് സംരക്ഷണം വേണം', 'യൂനിഫോമിനുള്ളില്‍ ഞങ്ങളും മനുഷ്യരാണ്' തുടങ്ങി മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡേന്തിയാണ് പൊലിസുകാര്‍ പ്രകടനം നടത്തിയത്.
അതേസമയം, ഡ്യൂട്ടിയില്‍ തിരിച്ചെത്തണമെന്നും അച്ചടക്കമുള്ള സേനയായി തന്നെ കഴിയണമെന്നും ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് അഭ്യര്‍ഥിച്ചു. പൊലിസുകാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു നിന്ദ്യമായ പ്രവര്‍ത്തിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇതാണോ ബി.ജെ.പിയുടെ 'പുതിയ ഇന്ത്യ'യെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
ഡല്‍ഹി പൊലിസ് ആസ്ഥാനത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്. മാര്‍ച്ചിനെ ഡല്‍ഹി പൊലിസ് മേധാവി അഭിസംബോധന ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലേക്കും ഇന്ത്യാ ഗേറ്റിലേക്കും മാര്‍ച്ച് നടത്തുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."