പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം: സി.പി.എം
തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണിയും സ്‌ഫോടക വസ്തുവും തപാലില്‍ ലഭിച്ച സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ ആവശ്യപ്പെട്ടു.
ആറു ദിവസം മുന്‍പാണ് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന് തപാല്‍വഴി വധഭീഷണിമുഴക്കികൊണ്ടുള്ള കത്തിനൊപ്പം തിരിയും കാപ്പുമുള്ള ഡിറ്റണേറ്ററും ലഭിച്ചത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തു സഹിതമുള്ള ഭീഷണി കത്ത് അയച്ചതിന് പിന്നില്‍ മണല്‍ മാഫിയയാണ്. ഭീഷണികൊണ്ടൊന്നും അനധികൃതമായി മണല്‍ വാരുന്നതിനെതിരെയുള്ള പഞ്ചായത്ത് നടപടി അവസാനിപ്പിക്കരുത്.
കുറ്റവാളികളെ കണ്ടെത്താന്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലിസ് തയ്യാറാകണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മണല്‍ വാരുന്നതിനും കടത്തുന്ന വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ടുപോകുന്നതിനും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ മണല്‍ മാഫിയ ഉപയോഗപ്പെടുത്തുന്നുണ്ട്.
വലിയ വിലക്ക് മണല്‍ വില്‍പ്പന നടത്തി കൊള്ളലാഭമുണ്ടാക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പഞ്ചായത്ത് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതു കൊണ്ടാണ് ഇത്തരത്തില്‍ മണല്‍മാഫിയ പ്രതികരിക്കുന്നതെന്നും ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ മണല്‍ മാഫിയക്കെതിരേയുളള നടപടികളില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."