സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ; ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സി.പി.എം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന് ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
യുഎപിഎ നിലനില്‍ക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചിരുന്നു. അതേസമയം, കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷന് ഇന്നലെ വാദംകേട്ടപ്പോഴും കോടതിയില്‍ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളില്‍നിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷയും സമര്‍പ്പിച്ചില്ല. കേസില്‍ യു.എ.പി.എ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞദിവസം കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."