കാലവര്‍ഷം: മൂവാറ്റുപുഴയില്‍ വീട് തകര്‍ന്നു
മൂവാറ്റുപുഴ: ശക്തമായമായ മഴയില്‍ മൂവാറ്റുപുഴയില്‍ ഒരു വീട് തകരുകയും തൊഴുത്ത് ഇടിഞ്ഞുവീഴുകയും ചെയ്തു. രണ്ടാര്‍ കാനം കവലക്ക് സമീപമുളള സ്വകാര്യ പ്ലൈവുഡ് മില്ലിലെ മതിലിടിഞ്ഞ് വീണ് തൊഴിലാളിയും മരിച്ചു. പായിപ്ര സ്‌ക്കൂള്‍ പടിക്കു സമീപം പടിഞ്ഞാറെവട്ടത്ത് പി.എ യൂസഫിന്റെ വീട് തകര്‍ന്നു.
ചൊവാഴ്ച രാത്രി ഏഴ് മണിയോടെ ശക്തമായ മഴയില്‍ വീട് ഇടിഞ്ഞുവീഴുകയായിരുന്നു. നന്നായി കെട്ടിപൊക്കിയ കരിങ്കല്‍ ഭിത്തിയടക്കമാണ് വീടിന്റെ പിറകവശത്തുളള സ്ഥലത്തേക്ക് ഇടിഞ്ഞ് നിലംപൊത്തിയത്. കരിങ്കല്ലു കൊണ്ട് കെട്ടിയുയര്‍ത്തിയ തറയില്‍നിന്നുളള കൊണ്‍ക്രീറ്റ് കെട്ടിടത്തിന്റെ പകുതിയോളം ഭാഗം നിലംപൊത്തി. ബാക്കിഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
വീടിന്റെ തറ താഴേക്ക് വലിയ ശബ്ദത്തോടെ ഇരിക്കുമ്പോള്‍ യൂസഫും ഭാര്യ സൗധയും കുട്ടികളും ഭക്ഷണം കഴിക്കുന്നതിനുളള തയ്യാറെടുപ്പിലായിരുന്നു. വീടിന്റെ തറ താഴുകയാണെന്ന് യൂസഫിന് മനസിലായതോടെ ബഹളം വച്ച് കുട്ടികളേയും കൂട്ടി ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെടാന്‍ സാധിച്ചു.
വിവരമറിഞ്ഞ് എല്‍ദോഎബ്രാഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റെ ആലീസ് .കെ.ഏലിയാസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, മെമ്പര്‍ സ്മിത സിജു, പഞ്ചായമെമ്പരായ നസീമ സുനില്‍, പി.എസ്. ഗോപകുമാര്‍ , പായിപ്ര ഗ്രാമീണ ബാങ്ക് പ്രസിഡന്റ് ഒ.കെ. മോഹനന്‍ എന്നിവര്‍ സ്ഥലത്തെത്തി . തഹസില്‍ദാര്‍ റെജു.പി.ജോസഫ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ്, വില്ലേജ് ഓഫീസര്‍ പി.വി.നിഷ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.
കനത്തമഴയില്‍ മീങ്കുന്നം പെരിങ്ങാട്ടുപറമ്പില്‍ മത്തായിയുടെ വീട്ടിലെ തൊഴുത്ത് ഇടിഞ്ഞുവീണു. നാല്‍ക്കാലികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്തില്‍ കുടുങ്ങിയ പശുവിനേയും കിടാവിനേയും അയല്‍വാസികളുടെ സഹായത്തോടെ ശ്രമകരമായാണ് രക്ഷപ്പെടുത്തിയത്. വൈക്കോല്‍ അടക്കമുള്ള കാലിത്തീറ്റകള്‍ നശിച്ചുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."