നാണ്യവിള വിലത്തകര്‍ച്ച; ഹൈറേഞ്ചിലെ കര്‍ഷകര്‍ ആശങ്കയില്‍
അടിമാലി: റബര്‍, ജാതി, കൊക്കോ തുടങ്ങിയ നാണ്യവിളകളുടെ വില കുത്തനെ ഇടിയുന്നത് ഹൈറേഞ്ച് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
കഴിഞ്ഞമാസം വരെ കിലോയ്ക്ക് 160 രൂപയ്ക്ക് മുകളിലെത്തിയിരുന്ന റബര്‍ വില ഇപ്പോള്‍ 113 ല്‍ എത്തിയിരിക്കുകയാണ്. 400 രൂപ വരെ വിലവന്നിരുന്ന ജാതിയുടെ ഇപ്പോഴത്തെ വില 170 ആണ്. കൊക്കോ ഉണക്കപ്പരിപ്പിന് കിലോയ്ക്ക് 215 ലഭിച്ചിരുന്നത് ഇപ്പോള്‍ 135ല്‍ എത്തി നില്‍ക്കുന്നു. കൊക്കൊ പച്ചപ്പരിപ്പ് 70ല്‍ നിന്ന് 35ലും എത്തി നില്‍ക്കുന്നു.
ദിവസം കഴിയുന്തോറും വില ഇടിഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മഴക്കാലത്ത് കര്‍ഷകരുടെ ഏകപ്രതീക്ഷയായിരുന്ന കൊക്കൊയുടെ വിലത്തകര്‍ച്ച കര്‍ഷകരെ പട്ടിണിയിലേക്കാണ് തള്ളിവിടുന്നത്. വിലത്തകര്‍ച്ചയോടൊപ്പം കൊക്കൊയെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാവശ്യമായ കളനാശിനികളുടെ വിലവര്‍ധനവും കര്‍ഷകരെ പിന്നോട്ടടിക്കുന്നു. റബറിന് 150 ന് മുകളില്‍ വില ലഭിച്ചു തുടങ്ങിയത് കര്‍ഷകരില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിന് റബര്‍ വില ഉയര്‍ന്നത് മലയോരത്തിന് താങ്ങായിരുന്നു. ഇതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാക്കി വിലയിടിവ് തുടരുന്നത്.
പത്തു ദിവസത്തിനിടെ ഏതാണ്ട് 40 രൂപയാണ് താഴ്ന്നത്. ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് റബര്‍ വാങ്ങേണ്ടി വരുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് വില കുറയുന്നത്. ഇത് ആഭ്യന്തര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. തായ്‌ലന്റ് സര്‍ക്കാര്‍ സംഭരിച്ച റബ്ബര്‍ അവര്‍ വിപണിയില്‍ ഇറക്കിയതും ചൈന വാങ്ങല്‍ കുറച്ചതുമാണ് വിലയിടിവിന് കാരണമെന്ന് ഹൈറേഞ്ചിലെ മൊത്തകച്ചവടക്കാര്‍ പറയുന്നു.
കിലോഗ്രാമിന് 248 രൂപവരെ ലഭിച്ചിരുന്നിടത്തു നിന്ന് 2013 മുതലാണ് റബര്‍വില കുറഞ്ഞു തുടങ്ങിയത്. എല്ലാ ഗ്രേഡുകളുടെയും വില ആനുപാതികമായി കുറഞ്ഞു. ഒട്ടുപാല്‍ വിലയുടെ സ്ഥിതിയും ഇതുതന്നെ. റബര്‍ കൃഷിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ മേഖലയിലും വിലയിടിവ് വലിയ പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണ്.
റബര്‍ കൂട്ടിച്ചേര്‍ത്ത ടാര്‍, റോഡുപണിക്ക് ഉപയോഗിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റബര്‍ ഉപയോഗിക്കുന്ന എല്ലാ ഫാക്ടറികള്‍ക്കും പ്രോത്സാഹനം നല്‍കി.
കൃഷിയുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ കൂടുതലായി ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കും എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനവും നടപ്പാകുന്നില്ല. വില ഇടിവ് തുടരുന്നതിനാല്‍ കര്‍ഷകരില്‍ നിന്ന് റബര്‍ എടുക്കാന്‍ ചെറുകിട വ്യാപാരികള്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."