ടാങ്കര്‍ ലോറി അനിശ്ചിതകാല സമരം പിന്‍വലിച്ചു
ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഫറോക്ക് ഡിപ്പോക്കു കീഴിലുള്ള ടാങ്ക്-ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും കോഡിനേഷന്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. എറണാകുളത്ത് ജില്ലാ കലക്ടര്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ടെന്‍ഡര്‍ നടപടികള്‍ ഓണം വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നു സംസ്ഥാനത്ത് എല്ലായിടത്തും ഇന്നലെ മുതല്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കുകയായിരുന്നു.
ഓവര്സ്പില് സെന്‍സര്‍ എന്ന പ്രത്യേക ഉപകരണം ഘടിപ്പിക്കുന്നത് ഒഴിവാക്കുക, ടെന്‍ഡര്‍ കാലാവധി രണ്ടു വര്‍ഷമായി പുനസ്ഥാപിക്കുക, ട്രക്ക് വാടക കാലാനുസൃതമായി വര്‍ധിപ്പിക്കുക, പുതിയ ലോക്ക് സിസ്റ്റം ഒഴിവാക്കുക, ഹൈറേഞ്ച് വാടക പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ട്രക്ക് ഉടമകളും തൊഴിലാളി സംഘടനകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മലബാറിലെ ഭൂരിപക്ഷം ഐ.ഒ.സി പമ്പുകളിലേക്കും ഇന്ധനം നല്കുന്ന ഫറോക്ക് ഡിപ്പോയില്‍ ഇന്നലെ രാവിലെ മുതല്‍ ട്രക്ക് ഉടമകളും തൊഴിലാളികളും സംയുക്തമായി സമരം തുടങ്ങിയിരുന്നു. ഇവിടെ നിന്ന് പെട്രോള്‍, ഡീസല്‍ നിറച്ചുപോകുന്ന 160ഓളം ട്രക്കുകള്‍ ഓട്ടം നിര്‍ത്തി തൊഴിലാളികള്‍ ഡിപ്പോക്കു മുന്നില്‍ പ്രകടനം നടത്തി.
ഉച്ചയ്ക്കു ശേഷം മൂന്നിനു ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞെങ്കിലും അധികം വൈകാതെത്തന്നെ എറണാകുളത്തെ ചര്‍ച്ചയുടെ തീരുമാനം പുറത്തുവന്നു. ഉടന്‍ ഫറോക്കിലെ സമരവും പിന്‍വലിച്ചതായി യൂനിയന്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഇന്നലെ ഐ.ഒ.സി ഫറോക്ക് ഡിപ്പോ കേന്ദ്രീകരിച്ചു നടന്ന പ്രകടനത്തിന് എ. പത്മനാഭന്, പി. ദേവരാജന്‍, സഹദേവന്, പങ്കജാക്ഷന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."