ഏറനാട് താലൂക്ക് വികസന സമിതി യോഗം അംഗങ്ങള്‍ 79, പങ്കെടുത്തത് 49 പേര്‍
മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കേണ്ട 79പേരില്‍ ഇന്നലെ ഹാജരായത് 49പേര്‍ മാത്രം. പല വിഭാഗങ്ങളില്‍ നിന്നും വകുപ്പു മേധാവിയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തിയില്ല. വികസന സമിതി യോഗം നടക്കുന്ന താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടമായ പി.ഡബ്ലിയു.ഡി റോഡ്‌സ് ആന്റ് ബ്രിഡ്ജസില്‍ നിന്നുള്ള ഉദ്യോഗസ്ഥനും യോഗത്തിന് ഹാജരായില്ല.
അതേസമയം വിവിധങ്ങളായ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നതായി യോഗത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. 21 മുതല്‍ 50 വയസുവരെ പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് അപേക്ഷിക്കാന്‍ സാധിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി.
21 മുതല്‍ 40 വയസു വരെ പ്രായമായവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റര്‍ അല്ലെങ്കില്‍ ജോബ് ക്ലബ് പദ്ധതിയാണ് രണ്ടാമത്തേത്. അശരണര്‍, വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കുള്ള ശരണ്യപദ്ധതിയാണ് മൂന്നാമത്തേത്. മൂന്ന് പദ്ധതിയിലേക്കും അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്. ഇതിലേക്ക് അപേക്ഷിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസില്‍ നിന്നും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വികസന സമിതി യോഗത്തിലെ തീരുമാന പ്രകാരം നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്ന ട്രാഫിക് സംബന്ധമായ രണ്ട് നിര്‍ദേശങ്ങളും നടപ്പാക്കിയതായി സി.ഐ സണ്ണി ചാക്കോ അറിയിച്ചു. ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. ടൗണില്‍ സ്‌കൂള്‍ കുട്ടികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു രണ്ടാമത്തെത്.
മഞ്ചേരി മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്തെ വളര്‍ന്നു പന്തലിച്ച ആല്‍മരം മുറിച്ചുമാറ്റാനുള്ള മഞ്ചേരി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലെ എച്ച്.എം.ഒയുടെ ആവശ്യം പരിഗണിച്ച് മഞ്ചേരി ഫയര്‍ഫോഴ്‌സ് അധികൃതരെത്തി മരം മുറിച്ചുമാറ്റിയതായുംബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."