പോര് കടുപ്പിച്ച് ജോസഫ്- ജോസ് വിഭാഗങ്ങള്‍: യോഗങ്ങളില്‍ പഴിചാരല്‍
സ്വന്തം ലേഖകന്‍
കോട്ടയം: ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള പോരു കടുപ്പിച്ച് നേതൃയോഗങ്ങള്‍. ഇന്നലെ കോട്ടയത്തെ രണ്ട് കേന്ദ്രങ്ങളിലായി നടന്ന യോഗങ്ങള്‍ പരസ്പരം പഴിചാരലിനുള്ള വേദിയാക്കി നേതാക്കള്‍. പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃയോഗത്തില്‍ സി.എഫ് തോമസ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവരും പതിനാല് ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും പങ്കെടുത്തു.
ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന നേതൃയോഗത്തിന് ബദലായി ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റിയും ഹൈപ്പര്‍ കമ്മിറ്റിയും നടത്തി. പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പാര്‍ട്ടി ഭരണഘടന മനസിലാക്കി പ്രവര്‍ത്തിക്കാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ആണ് ജോസ് കെ. മാണി പക്ഷത്തിനെന്നും അവര്‍ക്ക് ഇതുവരെ അത് മനസിലായിട്ടില്ലയെന്നും പി.ജെ ജോസഫ് പറഞ്ഞു.
ഒന്നാം തിയതി നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റോഷി അഗസ്റ്റിനും എന്‍. ജയരാജനും നേരിട്ടെത്തി പങ്കെടുക്കണമെന്നാവശ്യപ്പെട്ടിരുന്നതായും അവര്‍ ഇതില്‍ നിന്നും ഒഴിഞ്ഞുമാറിയതായും ജോസഫ് കുറ്റപ്പെടുത്തി. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്ത ആളുകളുടെ കള്ള ഒപ്പ് ഇട്ടിരിക്കുന്നതായും ഇതിനെതിരെ ക്രിമിനല്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ ആരെങ്കിലും വിളിച്ചു ചേര്‍ത്താല്‍ യോഗമാകില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ വാദം.
പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസിനെ മാത്രമല്ല യു.ഡി.എഫിനെയും വഞ്ചിക്കുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയര്‍മാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്‌സെന്‍സല്ല എന്നും കണ്‍സെന്‍സസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും ഇടുക്കി ജില്ലാ കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതു പി.ജെ. ജോസഫ് ബോധപൂര്‍വം മറച്ചു വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു പ്രവര്‍ത്തനവും നടത്തരുതെന്നു യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ഞങ്ങള്‍ ജോസഫിന്റെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാതിരുന്നത്-ജോസ് കെ.മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."