ജനക്കൂട്ടാധിപത്യ തന്ത്രത്തോട് അനുരഞ്ജനം സാധ്യമോ ?
ആര്.ബി ശ്രീകുമാര്‍
മുന്‍ ഡി.ജി.പി, ഗുജറാത്ത്#
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരായുള്ള അനൈതികവും ദുരുപദിഷ്ടവും ഭരണഘടനയിലെ സമത്വദര്‍ശനവിരുദ്ധവുമായ പ്രക്ഷോഭം ജനാധിപത്യത്തെയും നിയമവാഴ്ചയെയും ജനക്കൂട്ടാധിപത്യം (ങീയീരൃമ്വ്യ) കീഴ്പ്പെടുത്തുന്ന പ്രവണതയാണ്. 11-11-2018-ലെ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ശശിതരൂര്‍ എം.പി 'ശബരിമല: വേണ്ടത് അനുരഞ്ജനം' മതപരമായ വിഷയങ്ങളില്‍ നിയമത്തെക്കാളും വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് വാദിക്കുന്നു. മുന്‍പറഞ്ഞ ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്.
വിശ്വാസവും നിയമവാഴ്ചയുടെ മൂല്യങ്ങളും തമ്മില്‍ അനുരഞ്ജനം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത് തീയും വെള്ളവും തമ്മില്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പറയുന്ന പോലെയാണ്. ഭരണഘടനയുടെ മൂന്നാം ഭാഗമായ 'മൗലികാവകാശങ്ങള്‍' മാറ്റം വരുത്താനാവാത്ത അടിസ്ഥാനതത്വങ്ങളാണെന്ന് (ആമശെര ടൃtuരൗേൃല) സുപ്രിംകോര്‍ട്ട് കേശവാനന്ദ ഭാരതി കേസില്‍ വിധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ സ്ഥിതിസമത്വ സിദ്ധാന്തങ്ങള്‍ക്കെതിരായ നിയമം, കീഴ്വഴക്കം, ചടങ്ങ്, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവക്ക് നിയമസാധുത ഇല്ലെന്ന് ഭരണഘടനയുടെ അനുച്ഛേദം 13-ല്‍ പറയുന്നു. അതിനാല്‍ സ്ത്രീകള്‍ അടക്കമുള്ള മുഴുവന്‍ കേരളീയരും പ്രക്ഷോഭം നടത്തിയാലും, അത്തരം സമ്മര്‍ദങ്ങള്‍ക്ക് ഭരണസംവിധാനം കീഴ്പ്പെടുന്നത് അപലപനീയവും ശിക്ഷാര്‍ഹവുമാണ്.
സുപ്രിം കോടതിവിധിക്കെതിരായുള്ള സമരത്തിന്റെ കാരണങ്ങള്‍ രണ്ടാണ്. 1) വര്‍ഷങ്ങളായി പവിത്രവല്‍ക്കരിച്ച് ബലപ്പെടുത്തിയെടുത്തിയുള്ള പുരുഷമേധാവിത്വ മനോഭാവം. 2) ക്ഷേത്രപൂജാ വിധികളുടെ കര്‍ത്തൃത്വം കുത്തകാവകാശമായി നടപ്പില്‍ വരുത്തിയ തന്ത്രിബ്രാഹ്മണ വിഭാഗങ്ങളുടെ വര്ഗതാല്പര്യം.
മാറുമറയ്ക്കല്‍ നിരോധനം, മുലക്കരം എന്നിവ നിര്‍ത്തലാക്കിയപ്പോഴും, സതി സമ്പ്രദായം 1830-കളില്‍ വില്യം ബെന്റിക് പ്രഭു അവസാനിപ്പിച്ചപ്പോഴും വിശ്വാസിസമൂഹം മതം അപകടത്തിലാണെന്ന ഉമ്മാക്കി കാട്ടി അലമുറ കൂട്ടിയിട്ടുണ്ട്. രാമായണത്തിലെ ലക്ഷ്മണന്റെ ഭാര്യ ഊര്‍മ്മിളയും, മഹാഭാരതത്തിലെ പാണ്ഡുവിന്റെ രാജ്ഞി മാദ്രിയും, യാദവരുടെ ആഭ്യന്തര കലഹസമയത്ത് യാദവ സ്ത്രീകളും സതി അനുഷ്ഠിച്ച് 'ദേവീപദം' നേടിയിട്ടുണ്ട്.
സ്വമേധയാ സ്ത്രീകള്‍ സതി അനുഷ്ഠിക്കുന്നത് തടയരുതെന്ന് വാദിച്ചവര്‍ക്കൊപ്പമാണ് ഇന്നത്തെ സ്ത്രീ ക്ഷേത്രപ്രവേശനവിരുദ്ധര്‍. സ്ത്രീകളുടെ മാതൃത്വമഹിമയുമായി ബന്ധപ്പെട്ട ആര്‍ത്തവക്രമം അപവിത്രമാണെന്ന് ദുര്‍വ്യാഖ്യാനിച്ച് അവരുടെ മനസ്സില്‍ അധമമനോഭാവം സൃഷ്ടിച്ചതിന്റെ ഫലമായാണ്, ശബരിമല ക്ഷേത്രദര്‍ശനം ചെറുപ്പക്കാരികള്‍ക്ക് ദോഷം ചെയ്യുമെന്ന അന്ധവിശ്വാസം ഉണ്ടാക്കിയത്.
ജീവശാസ്ത്രപരമായ പ്രകൃതിപ്രതിഭാസ സത്യങ്ങള്‍ പാപമാണോ ഈ നിലപാട് ഋഗ്വേദത്തിലെ 'ഭൂമി സത്യത്താല്‍ നിലനില്ക്കുന്നു, സൂര്യനാല്‍ ആകാശവും - സത്യേനത്തഭിതാഭൂമി സൂര്യേനത്തഭിദാഭൗ (ഋഗ്വേദം 10-85-1)'' മുഴുവന്‍ ലോകവും സത്യത്തിന്റെ ഇരിപ്പിടമാണ് (3-30-2-6) ''പരാചോവിശ്വം സത്യം കൃണുഹി വിഷ്ടമസ്തു''- എന്നീ സൂക്തങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്. ദൈവം സത്യമാണെന്നുള്ള പ്രമാണത്തില്‍ ആത്മീയ ജീവിതം തുടങ്ങിയ മഹാത്മാഗാന്ധി അന്തിമനാളുകളില്‍ സത്യമാണ് ദൈവം എന്നുള്ള ദൃഢനിശ്ചയത്തില്‍ എത്തി.
ഭക്തിയോഗം വഴി ഈശ്വര സാക്ഷാത്കാരം നേടുന്നതിനെപ്പറ്റിയുള്ള പ്രാമാണികഗ്രന്ഥമായ 'നാരദഭക്തി സൂത്ര'ത്തില്‍ മനഃശുദ്ധിയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ശാരീരികാവസ്ഥക്ക് ഭക്തിപ്രക്രിയയില്‍ പ്രാധാന്യമോ പ്രസക്തിയോ ഇല്ല.
ഭക്തിമാര്‍ഗം വഴി പക്ഷിമൃഗാദികള്‍ക്ക് പോലും മോക്ഷപ്രാപ്തിക്കുള്ള അവകാശാവസരങ്ങള്‍ നല്‍കിയിട്ടുള്ള ഹിന്ദുമതസിദ്ധാന്തങ്ങള്‍ യുവതികളെ അയ്യപ്പദര്‍ശനം വഴി സായൂജ്യവും നിര്‍വൃതിയും നേടുന്നതില്‍നിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദേശിക്കുന്നില്ല. രാമായണത്തിലെ ജഡായുമോക്ഷകഥ ഉദാഹരണം.
മഹാഭാരതത്തിന്റെ മൗലികസന്ദേശമെന്ന ഡോ.എസ്. രാധാകൃഷ്ണന് (മുന്‍ രാഷ്ട്രപതി) വിശേഷിപ്പിച്ച ശ്ലോകമാണ് - ആത്മനപ്രതികൂലാനിപരേശാം ന സമാചരേത് - (ഒരാളിന് ദോഷമുണ്ടാക്കുന്നത് അയാള്‍ അപരനോട് ചെയ്യരുത്) ഈ മൂല്യമനുസരിച്ച് രാഷ്ട്രീയ പ്രേരിതരായ വര്‍ഗീയവാദികളാല്‍ ഉത്തേജിപ്പിക്കപ്പെട്ട സമരക്കാര്‍ക്ക് ഭക്തരായ സ്ത്രീകളുടെ ആരാധനാവകാശം തടയാനാവില്ല. ഭാഷാപിതാവായ എഴുത്തച്ഛന്റെ 'ഹരിനാമകീര്‍ത്തന'മെന്ന ഭക്തിമാര്‍ഗ കവിതാഗ്രന്ഥത്തില്‍ (20-ാം ശ്ലോകം) ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്.
നൈഷ്ഠിക ബ്രഹ്മചാരിയായി സങ്കല്പ്പിക്കപ്പെട്ട ശബരിമല അയ്യപ്പസ്വാമിയെപോലെ നിത്യകന്യകാ സങ്കല്പത്തില് ആരാധിക്കപ്പെടുന്ന കന്യാകുമാരി ദേവി, ജമ്മുകശ്മിരിലെ വൈഷ്ണോദേവി മൂര്‍ത്തികളുടെ മുന്പില് അര്‍ധനഗ്നരായ യുവാക്കള്‍ക്ക് പോകുന്നതില്‍ ആര്‍ക്കും തടസമില്ല. - ഇതിന് പുറകില്‍ പുരുഷമേധാവിത്വ മേതാധികാരവാദം തന്നെ.
തന്ത്രസമുച്ചയമെന്ന പൂജാവിധിയെപ്പറ്റിയുള്ള ഗ്രന്ഥത്തില്‍ യുവതികളായ ഭക്തകള്‍ക്ക് ഒരു നിബന്ധനയും നിര്‍ദേശിച്ചിട്ടില്ല. നൈഷ്ഠികബ്രഹ്മചാരി ആണ് അയ്യപ്പനെന്ന സങ്കല്പം ശബരിമല ദര്‍ശനം നടത്തുന്ന ഭക്തമനസുകളിലാണ്. അവരുടെ സങ്കല്പത്തെ അവര്‍ക്ക് തുല്യമായ പൗരാവകാശങ്ങളുള്ള സ്ത്രീകളുടെ ആരാധനാവകാശത്തിന് പ്രതിബന്ധമായി ഉപയോഗിക്കുന്നത് അധാര്‍മികവും പക്ഷപാതപരവുമാണ്.
ഇത്തരത്തിലുള്ള നിലപാട് ഭഗവത്ഗീതയിലെ 4-ാം അധ്യായത്തിലെ 11-ാം ശ്ലോകത്തില്‍ പറയുന്ന തത്വങ്ങള്‍ക്ക് എതിരാണ്.
കൃഷ്ണഭഗവാന് പറയുന്നു''അര്‍ജുനാ! ആരെല്ലാം ഏതു പ്രകാരത്തില്‍ എന്നെ ഭജിക്കുന്നുവോ, അവരെ ഞാന്‍ അതേ പ്രകാരത്തില്‍ അനുഗ്രഹിക്കുന്നു. മനുഷ്യര്‍ എല്ലാവിധത്തിലും എന്റെ മാര്‍ഗം അനുസരിക്കുന്നു''.
യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജ്യാമ്യഹം
മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ
മാതൃകാജീവിതത്തിനുള്ള അടിസ്ഥാന വസ്തുക്കളായ ജ്ഞാനം, ധനം, ശക്തി എന്നിവയുടെ അധീശദേവതകളായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവരുടെ അംശാവതാരമായി ദേവിപുരാണങ്ങളിലും മറ്റും ചിത്രീകരിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് ആരാധനാവകാശം നിഷേധിക്കുന്നതു മൂലപ്രകൃതിയായ ആദിപരാശക്തിയുടെ നിന്ദയാണ്. ആദിശങ്കരാചാര്യര്‍ രജസ്വലയായ ത്രിപുരസുന്ദരിയെ അത്തരമൊരവസ്ഥയില്‍ പൂജിക്കുന്നു. (ശങ്കരന്റെ ത്രിപുരസുന്ദരി അഷ്ടകം - കാണുക).
ഏതായാലും ആര്‍ത്തവാവസ്ഥയിലുള്ള മൃഗങ്ങള്‍ക്ക് ശബരിമലയിലെ ഗര്‍ഭഗൃഹത്തിനടുത്ത് പ്രവേശിക്കുന്നതില്‍ തടസമില്ല. !!!
ഹിന്ദുമതദര്‍ശനങ്ങളുടെ രത്നച്ചുരുക്കമായി വിശേഷിപ്പിക്കപ്പെടുന്ന 4 മഹാവാക്യങ്ങളുടെ സങ്കല്പ ലക്ഷ്യങ്ങള്‍ക്ക് എതിരാണ് യാഥാസ്ഥിതികരുടെ സ്ത്രീവിരുദ്ധ നിലപാട്. പ്രജ്ഞാനം ബ്രഹ്മം, അയം ആത്മബ്രഹ്മന്‍, അഹം ബ്രഹ്മാസ്മി, തത്വമസിയെന്നിവയാണീ മഹാവാക്യങ്ങള്‍. നിന്നില്‍ തന്നെയുള്ള പരംപൊരുളിനെ കണ്ടെത്തുകയെന്നര്ഥമുള്ള തത്വമസി എന്ന വാക്യമാണ് പതിനെട്ടാം പടികയറിച്ചെല്ലുന്ന അയ്യപ്പഭക്തര്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ ക്ഷേത്രനടയില്‍ എഴുതി പതിപ്പിച്ചിരിക്കുന്നത്. ഈ വാക്യത്തിന്റെ ഗഹനാര്ഥങ്ങള് സ്ത്രീവിരുദ്ധ പ്രക്ഷോഭകര്‍ 'തത്വമസി' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സുകുമാര്‍ അഴീക്കോടിന്റെ അപഗ്രഥന ഗ്രന്ഥം വായിച്ച് മനസിലാക്കണം.
ഋഗ്വേദത്തിലെ 8-61-11-ലെ സൂക്തത്തില്‍ നിഷ്പാപ മനസോടെയാണ് ഭക്തിസാധന ചെയ്യേണ്ടതെന്നു നിര്‍ദേശിക്കുന്നു. ശരീരത്തിന്റെ അവസ്ഥക്ക് പ്രാധാന്യമില്ല. യേശുദേവന് ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതും ഇതുതന്നെ 'ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്, അവര്‍ ദൈവത്തെ കാണും.'
എന്തറിവുണ്ടായാലും അതുകൊണ്ട് മനുഷ്യന് നാശോന്മുഖമായ ദുഷ്പ്രവണതകളില്‍നിന്നും മുക്തമാകണമെന്നാണ് ഉപനിഷദ് പ്രമാണം. 'സവിദ്യാ യാ വിമുക്തയെ'. പുതിയ തിരിച്ചറിവുകളുടെ പ്രചോദനം കൊണ്ടാണ് ആധുനിക ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നേതാക്കള്‍ - രാജാറാം മോഹന്റായ് മുതല്‍ നാരായണ ഗുരുവരെ - സതി, തൊട്ടുകൂടായ്മ, ദേവദാസി സമ്പ്രദായം, അടിമ വ്യവസ്ഥ നിര്‍ത്തലാക്കല്‍, അവര്‍ണരെ മനുഷ്യരായി കാണക്കാക്കാനുള്ള നിയമ വ്യവസ്ഥകള്‍ തുടങ്ങിയവ ഭാരതത്തില്‍ നടപ്പാക്കിയത്. കേരള സര്‍വകലാശാലയുടെ മൂലവാക്യം, ജ്ഞാനം അതുപയോഗിച്ചുള്ള കര്‍മത്തിനാല്‍ നിലനില്‍ക്കുന്നെന്ന് ഉദ്ഘോഷിക്കുന്നു.
'കര്മണിവ്യജ്ഞതെ പ്രജ്ഞാ'. ഇന്ത്യന്‍ പൈതൃകത്തിന്റെ ഉദാത്ത ദര്ശനങ്ങള്ക്കെതിരായി സ്ത്രീവിരുദ്ധ സമരക്കാര്‍ നടത്തുന്ന നാടകങ്ങള്‍ കേരള നവോഥാനത്തിലും പ്രബുദ്ധതയിലും അഭിരമിച്ച് അഭിമാനം കൊള്ളുന്ന കേരളത്തിനു വെളിയില്‍ താമസിക്കുന്ന മലയാളികള്‍ക്ക് വേദനാജനകമാണ്. മാതൃഹന്താവിനെ ആരാധിക്കുന്ന രീതി പോലും ഹിന്ദുക്കള്‍ അംഗീകരിക്കുന്നു. ദുര്യോധനന് കേരളത്തില്‍ ക്ഷേത്രമുണ്ട്. ഉറുമ്പ് (കണ്ണൂര്‍), പട്ടി (കണ്ണൂര്‍), കുറുക്കന് (കച്ച് ജില്ല- ഗുജറാത്ത്) എലി (ബിക്കാനീര്‍ - രാജസ്ഥാന്) മുതലായ ജീവികളെ പവിത്രമായി കാണുന്ന രീതിയുമുണ്ട്, ഭഗവദ്ഗീതയില്‍ അഞ്ചാം അധ്യായത്തിലെ 18-ാം ശ്ലോകമനുസരിച്ച്. അതിനാല്‍ യുവതികള്‍ അയ്യപ്പ ദര്‍ശനം നടത്തുന്നതില്‍ എന്താണ് അപാകത. അജ്ഞാനികളായ സമരക്കാര്‍ ബ്രഹദാരാണ്യ ഉപനിഷത്തിലെ 'തമസോ മാ ജ്യോതിര്‍ഗമയ'യെന്ന ആപ്തവാക്യത്തിന്റെ അര്‍ഥം മനസില്‍ ഉള്‍ക്കൊള്ളണം.
കാമവും ലൈംഗികതയും പാപമായിക്കാണുന്ന ക്രിസ്തു മതത്തിന്റെ (ീൃശഴശിമഹ ശെി) അശാസ്ത്രീയ നിലപാടിനെ ഹിന്ദു യാഥാസ്ഥിതികര്‍ സ്വീകരിച്ചത് ജുഗുപ്സാവഹമാണ്. യുവതീക്ഷേത്ര പ്രവേശന വിരുദ്ധ സമരം കേരള ഉപദേശീയതയുടെ വികൃതമായ ഹിന്ദു മാതൃകയാണ്, തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭം പോലെ. ഈ സമരം നമ്മുടെ നവോഥാന നായകരായ ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദ, നാരായണ ഗുരു, അയ്യങ്കാളി, വൈകുണ്ഠസ്വാമി എന്നിവരുടെ മഹാത്യാഗങ്ങള്‍ക്കും പൈതൃകത്തിനും കളങ്കമുണ്ടാക്കുന്നതാണ്. കേരളം ഇന്ത്യയിലെ പ്രബുദ്ധത നേടിയ ദേശമെന്ന പ്രതിച്ഛായയ്ക്ക് ഇതു വലിയ നഷ്ടമുണ്ടാക്കി; 1992ലെ ബാബരി മസ്ജിദ് ധ്വംസനം, 2002ലെ ഗുജറാത്ത് കൂട്ടക്കൊല എന്നിവ ഹിന്ദുസമൂഹത്തിന് അപമാനമുണ്ടായതുപോലെ.
ഭരണഘടനയുടെ അനുച്ഛേദം 25 ന്യൂനപക്ഷ മതാനുഷ്ടാന സ്വാതന്ത്ര്യം ഒരിക്കലും മൂന്നാം ഭാഗത്തില്‍ പറഞ്ഞിട്ടുള്ള വ്യക്തികളുടെ മതമൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ടായിരിക്കരുതെന്ന് സ്പഷ്ടമായി പറയുന്നു.
''ണവ്യ ക മാ മ ഒശിറൗ'' എന്ന പുസ്തകം എഴുതിയ ശശിശരൂര് ഹിന്ദു വര്‍ഗീയവാദികള്‍ വേദഗ്രന്ഥമായി കാണുന്ന മനുസ്മൃതിയില്‍ (മൂന്നാം അധ്യായം 56-ാം ശ്ലോകം) ഉദ്ഘോഷിച്ചിട്ടുള്ള ''സ്ത്രീകളെ പൂജിക്കുന്നിടത്ത് ദൈവ കൃപയുണ്ടാകുമെന്നും, അതില്ലാതെ നടക്കുന്ന പൂജാവിധികള്‍ ഫലശൂന്യമാണെന്നു''മുള്ള പ്രമാണം അംഗീകരിക്കണം.
യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത:
യത്രൈ താസ്തു ന പൂജ്യന്തേ സര്‍വ്വാസ്ത ത്രാഫലാ: ക്രിയ:
ശശിതരൂര്‍ നിര്‍ദേശിച്ച അനുരഞ്ജനം നിയമവിരുദ്ധമായി സ്വാഭാവികനീതി നിഷേധിച്ചുകൊണ്ട് സ്ത്രീവിരോധ മനോഭാവം ജീവിതവ്രതമായിക്കൊണ്ട് നടക്കുകയും, പുരോഹിതവൃത്തി ജന്മംകൊണ്ട് ബ്രാഹ്മണരായവര്‍ക്കു മാത്രം കുത്തകാവകാശമാക്കി കാണുന്നവര്‍ക്കും മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും.
പിണറായി സര്‍ക്കാര്‍ പ്രായോഗിക വോട്ട് ബാങ്ക് തന്ത്ര വിദഗ്ധരുടെ സമ്മര്‍ദത്തിന് വഴങ്ങി സ്ത്രീവിരുദ്ധരുടെ പ്രീണനത്തിന് തുനിയാതെ നവോത്ഥാന മൂല്യങ്ങള്‍ക്കും, നിയമവാഴ്ചയ്ക്കും വേണ്ടി ശക്തമായ നിലപാടെടുത്തു. ഹൃദയംഗമായ അഭിനന്ദനങ്ങള്‍. വിജയാശംസകള്‍. നവോഥാന മൂല്യവിശ്വാസികള്‍ക്ക് ഇത് ഊര്‍ജദായകമാണ്.
കൂടുതല്‍ സാമൂഹ്യ പരിഷ്കരണ പാതയില്‍ നീങ്ങാനായി കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളായ ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ അവശ്യം പാണ്ഡിത്യ കൗശലങ്ങളും പൂജാവിധി വൈദഗ്ധ്യവുമുള്ള സ്ത്രീകളെ നിയമിക്കണമെന്ന് നിര്‍ദേശിക്കുന്നു. കേരളത്തിനെ സ്വാമി വിവേകാന്ദന് അപലപിച്ച ഭ്രാന്താലയമാക്കാനുള്ള ഹിന്ദു യാഥാസ്ഥികരുടെ നീക്കത്തിനിതൊരു തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."