എല്ലാം ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലുണ്ട്
1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദ് തകര്‍ച്ചയും അതിന്റെ തുടര്‍ച്ചയായി അയോധ്യയിലുണ്ടായ വ്യാപകമായ അക്രമസംഭവങ്ങളും അന്വേഷിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്മിഷനാണ് ലിബര്‍ഹാന്‍ കമ്മിഷന്‍. 90 ദിവസമായിരുന്നു കമ്മിഷന്റെ കാലാവധിയെങ്കിലും 6,000 ദിവസത്തിലേറെ (17 വര്‍ഷം) എടുത്ത് 2009 ജൂണ്‍ 30നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1000ലധികം പേജുകളടങ്ങിയതാണ് റിപ്പോര്‍ട്ട്. 48 തവണയാണ് കമ്മിഷന്റെ കാലാവധി നീട്ടിയത്. ജുഡിഷ്യല്‍ രംഗത്ത് ഇതും ഒരു റെക്കോര്‍ഡാണ്.
മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ അദ്വാനി, മുന്‍ പ്രധാനമന്ത്രി വാജ്‌പേയി തുടങ്ങിയ സംഘ്പരിവാരത്തിന്റെ 68 നേതാക്കള്‍ കുറ്റക്കാരാണെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. പള്ളി തകര്‍ക്കുമ്പോള്‍ അതിന്റെ 200 മീറ്റര്‍ അടുത്ത് തമ്പടിച്ചിരുന്ന എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ക്ക് പള്ളി പൊളിക്കുന്നത് തടയാന്‍ കഴിയുമായിരുന്നുവെങ്കിലും അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
നിരീക്ഷണങ്ങള്‍
റിപ്പോര്‍ട്ടില്‍ ഏറ്റവുമധികം കുറ്റപ്പെടുത്തിയത് യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനെയാണ്. ആര്‍.എസ്.എസിനെ പള്ളി പൊളിക്കലിന്റെ മുഖ്യസൂത്രധാരകനായാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനതക്കു താല്‍പര്യമില്ലാതിരുന്ന അയോധ്യ പ്രശ്‌നത്തെ ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിക്കാനും വര്‍ഗീയമായി വിഭജിക്കാനും രാഷ്ട്രീയ അധികാരം വ്യാപിപ്പിക്കാനും സംഘ്പരിവാര്‍ ഉപയോഗിക്കുകയായിരുന്നു. സ്വാതന്ത്ര്യ-മതേതര രാജ്യമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ഇന്ത്യ, മസ്ജിദ് തകര്‍ക്കലിലൂടെ ഏറെ പഴികേള്‍ക്കേണ്ടി വന്നു. ബി.ജെ.പിയിലെ കപട മിതവാദ നേതൃത്വങ്ങള്‍ ആര്‍.എസ്.എസിന്റെ കൈയിലെ ഉപകരണമായിരുന്നു. ആര്‍.എസ്.എസ് നിര്‍മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവര്‍ സ്വന്തമാക്കി. ജനാധിപത്യത്തില്‍ ഇതില്‍പ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതില്‍ ഈ കമ്മിഷന് യാതൊരു മടിയുമില്ല.
മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനു വേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു. ഉന്‍മത്തരായ ഹിന്ദു ആശയവാദികള്‍ക്ക് പൊതുജനത്തിന്റെയുള്ളില്‍ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചതില്‍ ഉന്നതമുസ്‌ലിം നേതാക്കള്‍ക്കും പങ്കുണ്ട്. ഇന്ത്യാ വിരുദ്ധരെന്നോ ദേശീയ വിരുദ്ധരെന്നോ വിളിക്കപ്പെടുന്നതു ഭയക്കുന്നതിനാലാകണം ചരിത്രത്തെ സംഘ്പരിവാര നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല.
ബാബരി മസ്ജിദ് തകര്‍ച്ചയിലേക്കു നയിച്ച മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങും അദ്ദേഹത്തിന്റെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്. സ്വാഭാവികമായി ലക്ഷ്യപ്രപ്തിയിലെത്തിയ പ്രക്ഷോഭമായിരുന്നില്ല പള്ളിപൊളിക്കല്‍. സംഘ്പരിവാര്‍ ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്‌തെടുത്ത പദ്ധതിയുടെ വിജയമായിരുന്നു. ഇതിനായി സംഘ്പരിവാരിന്റെ കൈകളിലേക്ക് കോടികള്‍ ഒഴുകി. വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ക്ക് വന്‍ തുകകള്‍ സംഭാവനയായി ലഭിച്ചു. ശതകോടിക്കണക്കിനു പണം ഉപയോഗിച്ച് ആര്‍.എസ്.എസിന്റെ പട്ടാളച്ചിട്ടയനുസരിച്ചുള്ള പ്രവര്‍ത്തനമാണ് മസ്ജിദ് തകര്‍ച്ചയില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."